താന്‍ കട്ടില്‍ നിന്ന് താഴെ വീണതാണെന്ന മൊഴി ആവര്‍ത്തിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഷമി കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ആയത്. ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിച്ചുകൂട്ടിയ 17 ദിവസത്തിനു ശേഷമാണ് വെഞ്ഞാറമൂട് സംഭവത്തില്‍ ജീവനോടെ അവശേഷിച്ച ഇര ഷെമി ആശുപത്രി വിട്ടത്. പേരുമലയിലെ വീട്ടില്‍ ഇനി താമസിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് ഷെമി. വെഞ്ഞാറമൂട് പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരത്തിലാണ് ഷമി ഇപ്പോള്‍ കഴിയുന്നത്.
എന്നാല്‍ ഇപ്പോഴും അഫാന്‍ തന്നെ ആക്രമിച്ച കാര്യം ഭര്‍ത്താവിനോടു പോലും മറച്ചുവെക്കുകയാണ്. മകന്‍ അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയ വിവരം ഭര്‍ത്താവ് റഹീം ഷമിയോട് പറഞ്ഞിരുന്നു. എന്നാല്‍ അഫാന് ഒരിക്കലും ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിതുമ്പലോട് ഷെമി മറുപടി നല്‍കിയത്. തനിക്ക് പരിക്കേറ്റത് കട്ടിലില്‍ നിന്ന് വീണു തന്നെയാണെന്നാണ് ഷമി അപ്പോളഴും പറഞ്ഞു കൊണ്ടിരുന്നത്. നേരത്തെ മജിസ്േ്രടറ്റിനു നല്‍കിയ മൊഴിയിലും ഇക്കാര്യം തന്നെയാണ് ഷമി പറഞ്ഞത്. ക്രൂര കൂട്ടക്കൊലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും ഷമി ഇപ്പോഴും മകനെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതിനിടെ, അഫാന് നിയമം വിധിക്കുന്ന ശിക്ഷ ലഭിക്കണം ഷെമിയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരണമെന്നും അബ്ദുറഹീം പറഞ്ഞു. അഫാനെ ഇനി വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും റഹീം പറഞ്ഞു. എന്തിനാണ് അഫാന്‍ ഫര്‍സാനയെയും അഫ്സാനയെയും കൊലപ്പെടുത്തി എന്ന ചോദ്യത്തിന് വിതുമ്പി കരയുകയാണ് റഹീം ചെയ്തത്. ഫര്‍സാനയുടെ കുടുംബത്തെ പോയി കാണണമെന്ന് ആഗ്രഹമുണ്ടെന്നും റഹീം പറഞ്ഞു..
ഇനിയും ഒരുവര്‍ഷത്തോളം ഭാര്യക്ക് ചികിത്സ തുടരേണ്ടി വരും. തനിക്കിപ്പോള്‍ ജോലിയൊന്നുമില്ല.സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്.ഇവിടുത്തെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി വീടും സ്ഥലവും വിറ്റ് തീര്‍ക്കാമെന്നായിരുന്നു കരുതിയിരുന്നത്. കൊറോണക്ക് ശേഷമാണ് സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയും ഉണ്ടായത്.
വെഞ്ഞാറാമൂട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നുമെടുത്ത 15 ലക്ഷം രൂപയുടെ വായ്പ, തട്ടത്തുമലയിലെ ബന്ധുവില്‍ നിന്നും വാങ്ങിയ നാലര ലക്ഷവും സ്വര്‍ണവും. ഇതാണ് റഹീമിനറിയാവുന്ന സാമ്പത്തിക ബാധ്യതകള്‍.സെന്‍ട്രല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 4 ലക്ഷം രൂപ റഹീം വിദേശത്തുനിന്ന് കുടുംബത്തിന് അയച്ചു നല്‍കിയിരുന്നു.
എന്നാല്‍ ഇതില്‍ 2 ലക്ഷം രൂപ മാത്രമാണ് ഷെമിയും മകന്‍ അഫാനും ചേര്‍ന്ന് ബാങ്കില്‍ തിരിച്ചടച്ചത്. ശേഷിച്ച പണം എന്ത് ചെയ്‌തെന്ന് അബ്ദുല്‍ റഹീമിന്റെ ചോദ്യത്തിന് ഭാര്യ വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. 8 ലക്ഷം രൂപ വായ്പ എടുത്തതിന്റെയും 2 ലക്ഷം രൂപ ഒറ്റത്തവണയായി തിരിച്ചടച്ചതിന്റെയും രേഖകള്‍ വെഞ്ഞാറമൂട് പൊലീസ് ബാങ്കില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്.വെഞ്ഞാറമൂട് സെന്‍ട്രല്‍ ബാങ്ക് ശാഖയിലെ ജീവനക്കാര്‍ 8 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും ഷെമി വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കുടുബത്തിന്റെ കട ബാധ്യത മകനെ ഏല്‍പ്പിച്ചിരുന്നില്ലായെന്നും റഹീം പറഞ്ഞു . ‘ഞാനൊന്നും അവനെ ഏല്‍പ്പിച്ചില്ല. തനിയെ ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. വീട് വില്‍ക്കാന്‍നോക്കിയതും അഫാന്‍ മുന്‍കൈയെടുത്താണ്. കൂട്ടക്കൊലപാതകത്തിലക്ക് നയിച്ച കാരണം അറിയില്ല. ഇത്രയും കടം പെരുകിയത് എങ്ങനെയെന്ന് അറിയില്ല. വീട് വിറ്റ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ചാണ് അഫാനുമായി അവസാനം സംസാരിച്ചത്. എന്നാല്‍ തന്റെ ജീവിതം ഇങ്ങനെ കീഴ്മേല്‍ മറിയുമെന്ന് അബ്ദുല്‍ റഹീം കരുതിയില്ല. അതേസമയം, അഫാന്‍ കൊലപ്പെടുത്താനായി ലക്ഷ്യമിട്ടിരുന്ന മറ്റ് രണ്ട് സ്ത്രീകളില്‍ നിന്ന് തരപ്പെടുത്തിയ വായ്പ തിരിച്ചടക്കാന്‍ അബ്ദുല്‍ റഹീം നല്‍കിയ പണത്തിലെ ശേഷിച്ച തുക ഉപയോഗിച്ചതായാണ് പൊലീസിന്റെ സംശയം.
അതിനിടെ, ബന്ധുവായ പെണ്‍കുട്ടിയെയും പിതൃമാതാവിനെയും കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുക്കാനാണു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നു സൂചന. പെണ്‍കുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കടമായി മാല വേണമെന്നും ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാല്‍ മതിയെന്നു പറഞ്ഞെങ്കിലും കടം നല്‍കാന്‍ പറ്റില്ല എന്നറിയിച്ച് പെണ്‍കുട്ടി ഒഴിഞ്ഞു മാറുകയായിരുന്നു.
മാതാവ് ഷെമിയെക്കൊണ്ടും പെണ്‍കുട്ടിയില്‍നിന്ന് മാല വാങ്ങാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് താഴെ പാങ്ങോട് താമസിക്കുന്ന പിതൃമാതാവ് സല്‍മാബീവിയുടെ മാല തട്ടിയെടുക്കാന്‍ അഫാന്‍ ലക്ഷ്യമിട്ടത്. കടബാധ്യത വര്‍ധിച്ചതോടെ പിതാവിന്റെ ബന്ധുക്കള്‍ തുടര്‍ച്ചയായി ഷെമിയെ കുറ്റപ്പെടുത്തുന്നതു ചൊടിപ്പിച്ചിരുന്നുവെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി.
പ്രതിയുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് ഇനി നടക്കാനുള്ളത്.സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ അവസാനത്തേതാണ് വെഞ്ഞാറമൂട് പൊലീസ് അന്വേഷിക്കുന്നത്. മാതാവ് ഷമിയെ പരിക്കേല്‍പ്പിച്ചതും സഹോദരന്‍ അഫ്‌സാനെയും കൂട്ടുകാരി ഫര്‍സാനയെയും കൊലപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് മൂന്നാമത്തെ കേസ്. കൂട്ടക്കൊല അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അന്വേഷണസംഘം ‘മദര്‍ കേസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ഈ കേസിനെയാണ്. അതുകൊണ്ടുതന്നെ നിര്‍ണായകമായ തെളിവെടുപ്പ് രണ്ടുദിവസം നീണ്ടു നിന്നേക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ വെഞ്ഞാറമൂട് പൊലീസ് പൂര്‍ത്തിയാക്കി.