പൊറോട്ടയും ചിക്കനും വേണം, തറയില്‍ കിടക്കില്ല, പോലീസ് ‘കൊടുത്തപ്പോള്‍’ അഫാന്‍ മര്യാദക്കാരന്‍

പോലീസിനെ വട്ടം കറക്കി വെഞ്ഞാറാമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍. ഭക്ഷണകാര്യങ്ങള്‍ക്കാണ് അഫാന്റെ നിര്‍ബന്ധം. ഉച്ചയൂണിന് മീന്‍ കറി നിര്‍ബന്ധം, വൈകിട്ട് ചിക്കനും പൊറോട്ടയും, 4 മണിക്ക് കട്ടന്‍, ബ്രേക്ക്ഫാസ്റ്റില്‍ മാത്രം കടുംപിടിത്തമില്ല. പാങ്ങോട് സ്റ്റേഷനില്‍ കഴിയുന്ന പ്രതി ഭക്ഷണം കഴിക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചതോടെയാണ് ഇഷ്ടഭക്ഷണം വാങ്ങി നല്‍കാന്‍ പോലീസുകാരും നിര്‍ബന്ധിതരായത്.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം നല്‍കിയപ്പോള്‍ മീന്‍കറി ഇല്ലേ സാറേ എന്നായിരുന്നു ചോദ്യം. ഇന്നലെ വൈകിട്ട് ഭക്ഷണം കഴിക്കാതിരുന്ന കാര്യം അന്വേഷിച്ചപ്പോഴാണ് താന്‍ വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പ്രതി പറഞ്ഞത്. തുടര്‍ന്ന് അഫാന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പൊലീസ് വാങ്ങി നല്‍കി. സാധാരണ പ്രതികള്‍ക്ക് സെല്ലിനകത്ത് വിരിച്ചു കിടക്കാന്‍ പേപ്പറുകളാണ് കൊടുക്കാറുള്ളത്. എന്നാല്‍ തനിക്ക് വെറും തറയില്‍ കിടക്കാന്‍ കഴിയില്ലെന്ന് അഫാന്‍ നിര്‍ബന്ധം പിടിച്ചതോടെ പോലീസുകാര്‍ തന്നെ സെല്ലില്‍ കിടക്കുന്നതിനുള്ള പായ സംഘടിപ്പിച്ചു നല്‍കി. ഇതിനിടെ പോലീസുകാര്‍ നല്‍കിയ പേപ്പറിലെ വാര്‍ത്തകള്‍ എല്ലാം പ്രതി വായിച്ചു. താന്‍ ചെയ്ത ക്രൂര കൊലപാതകത്തിന്റെ വാര്‍ത്തകളും വായിച്ചശേഷമാണ് പത്രം തിരിച്ചു നല്‍കിയത്.

കഴിഞ്ഞ ദിവസം മുത്തശ്ശി സല്‍മാബീവിയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തും പ്രതി പോലീസിനോട് കട്ടന്‍ ചായ ആവശ്യപ്പെട്ടു. വൈകുന്നേരം 4 മണിക്ക് തെളിവെടുപ്പിന് കൊണ്ടുപോകാന്‍ നേരത്താണ് കട്ടന്‍ വേണമെന്ന ആവശ്യം അഫാന്‍ പോലീസുകാരോട് പറഞ്ഞത്. നാലുമണിക്ക് സ്ഥിരമായി കട്ടന്‍ കുടിക്കാറുണ്ടെന്നും ഇല്ലെങ്കില്‍ തലവേദന എടുക്കും എന്നാണ് പോലീസുകാരോടു പറഞ്ഞത്. ഇതോടെ കട്ടന്‍ വാങ്ങാനായി പോലീസുകാരനെ നേരെ എതിര്‍വശത്തുള്ള ചായക്കടയിലേക്ക് വിട്ടു. അവര്‍ പറഞ്ഞതനുസരിച്ച് ചായയുമായി കടക്കാരും എത്തി. ഇതോടെ നാലുമണിക്ക് തെളിവെടുപ്പ് എന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും വൈകി ഇറങ്ങാന്‍ സാധിച്ചുള്ളൂ. പുറത്തേക്കിറങ്ങുമ്പോഴും മുഖത്തും മറ്റു ഭാവഭേദങ്ങള്‍ ഒന്നുമില്ലായിരുന്നു.

Scroll to Top