
ദുര്‍ഗ്: അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. ബുധനാഴ്ച ജാമ്യംതേടി കന്യാസ്ത്രീകൾ ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതി അറിയിച്ചത്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ല എന്ന വാർത്ത അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റങ്ദള്‍ പ്രവര്‍ത്തകരുടെ ആഘോഷപ്രകടനം അരങ്ങേറി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ബുധനാഴ്ച രാവിലെ മുതല്‍തന്നെ ജ്യോതിശര്‍മ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ എത്തിയിരുന്നു.
കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റങ്ദളിന്റെ അഭിഭാഷകര്‍ പ്രവർത്തകരെയും നേതാക്കളെയും അറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.
സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും അടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവര്‍ ഗാര്‍ഹിക ജോലികള്‍ക്കായി മൂന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതാണ്. ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.
ദുര്‍ഗിലെ ജയിലില്‍ റിമാന്‍ഡില്‍കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞദിവസം ജാമ്യംതേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനുപിന്നാലെയാണ് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. അതിനിടെ, യുഡിഎഫ് എംപിമാര്‍ കഴിഞ്ഞദിവസം കന്യാസ്ത്രീകളെ ജയിലിൽ എത്തി സന്ദര്‍ശിച്ചു. ബുധനാഴ്ച ഇടതുനേതാക്കളും എം.പിമാരും കന്യാസ്ത്രീകളുമായി സംസാരിച്ചു.



