ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ നവാസിന് ജീവനുണ്ടായിരുന്നു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാപ്രവർത്തകരും പ്രേക്ഷകരും. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല.

ഒരു ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്. ‌പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. എന്നാല്‍ മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. നവാസിനെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നുകിടക്കുന്നതായാണ് കണ്ടത്. നോക്കുമ്പോള്‍ നവാസ് നിലത്ത് വീണുകിടക്കുന്ന നിലയില്‍ ആയിരുന്നു. സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.

അതേസമയം, ഹോട്ടലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവൻ നവാസിന്‍റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് നവാസ് മുറിയെടുത്തിരുന്ന ഹോട്ടലുടമ സന്തോഷ് പറയുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറയുന്നു.
ഷൂട്ടിങ് സംഘം ആകെ മൂന്നു മുറികളാണ് എടുത്തിരുന്നത്. 209–ാം നമ്പർ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. മറ്റു രണ്ടു മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. നവാസ് ചെക്ക് ഔട്ട് ചെയ്യാൻ വൈകുന്നത് കണ്ട് സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ച്പ്പോള്‍ മുറിയിൽചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്യാതിരുന്നതിനാൽ വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പ്രൊഡക്‌ഷൻ കൺട്രോളറെ വിളിച്ച് കാര്യമറിയിച്ചു. സിനിമാ പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും ചേർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ. നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

25-ന് തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന ഷെഡ്യൂളിലാണ്‌ നവാസിന്റെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ചിത്രീകരണവേളയില്‍ എല്ലാം അദ്ദേഹം വളരെ സജീവമായിരുന്നുവെന്നാണ് സഹതാരങ്ങൾ പറയുന്നത്. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് എത്തിയിരുന്നു.

മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ കലാഭവൻ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണു സിനിമാ രംഗത്തേക്കു ചുവടുവയ്ക്കുന്നത്. ‘ഡിറ്റക്ടീവ് ഉജ്വലനാണ്’ അവസാന ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ‘ഇഴ’ എന്ന ചിത്രത്തിൽ നവാസും ഭാര്യ രഹ്നയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.
സീരിയല്‍, സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടേയും മലയാളികളെ കുടുകുടാ ചിരിപ്പിച്ച അതുല്യ കലാകാരനാണ് കലാഭവന്‍ നവാസ്. കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് സ്പോട്ട് കോമഡിയിലൂടെ സ്റ്റേജ് ഷോകളെ ഇളക്കിമറിച്ചും നവാസ് കയ്യടി നേടിയിരുന്നു. കൂട്ടുകാരൊത്തുള്ള ഉല്ലാസവേളയില്‍ ശബ്ദാനുകരണം നടത്തിയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ നവാസ് മിമിക്രി ലോകത്തേക്ക് കടന്നുവന്നത്. നാട്ടിലെ യുവജനമേളയില്‍ മിമിക്രിയില്‍ സ്ഥിരം ഒന്നാംസ്ഥാനക്കാരനെ, നടി ഫിലോമിനയുടെ ശബ്ദം അനുകരിച്ച് രണ്ടാം സ്ഥാനത്താക്കിയാണ് നവാസ് ഹാസ്യരം​ഗത്ത് ഇരിപ്പുറപ്പിച്ചത്.

കെ എസ് പ്രസാദിന്‍റെ കൈപിടിച്ചാണ് കലാഭവനിലേക്ക് എത്തുന്നത്. ആബേലച്ചന്‍റെ പിന്തുണ നവാസിനെ കലാഭവന്‍റെ സ്റ്റേജുകളില്‍ നിത്യസാന്നിധ്യമാക്കി. കുന്നംകുളത്തെ സ്റ്റേജിലാണ് തുടക്കം. പാടാനുള്ള കഴിവ് ശബ്ദാനുകരണത്തില്‍ സമന്യയിപ്പിച്ചതോടെ പല താരങ്ങള്‍ നവാസിലൂടെ ഗായകരായി. നാടക ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്‍റെ മകന് അഭിനയിക്കാനുളള കഴിവ് ജന്മസിദ്ധമായിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളില്‍ സുപരിചിതനായി മാറി.

മാട്ടുപ്പെട്ടി മച്ചാന്‍, തില്ലാന തില്ലാന, മായാജാലം, ജൂനിയര്‍ മാന്‍ഡ്രേക്ക്, മൈ ഡിയര്‍ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത്, മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. നവാസ് അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. നവാസിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രകടനമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ കണ്ടത്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ജഡ്ജസിന്‍റെ റോളിലെത്തിയിരുന്ന നവാസ് അവിടെയും പ്രേക്ഷകരെ കയ്യിലെടുത്തു. സഹോദരന്‍ നിയാസ് ബക്കറിനൊപ്പം ആരംഭിച്ച കൊച്ചിന്‍ ആര്‍ട്സ് മിമിക്രി ട്രൂപ്പിലൂടെ സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമായിരുന്നു. ഗൗരവമുള്ള കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് മടങ്ങിവരാനുളള ശ്രമങ്ങള്‍ക്കിടെയാണ് നവാസിന്‍റെ അപ്രതീക്ഷിത വിയോഗം.

മരണവിവരമറിഞ്ഞ് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സഹപ്രവർത്തകർ ഓടിയെത്തിയിരുന്നു. അദ്ദേഹത്തിന് ആരോഗ്യപരമായി യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും ആശുപത്രിയിലെത്തിയ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ രമേശ് പിഷാരടി, കൈലാഷ്, സരയു മോഹൻ, ലക്ഷ്മിപ്രിയ, പൊന്നമ്മ ബാബു എന്നിവർ ആശുപത്രിയിൽ എത്തി.കെ.എസ്. പ്രസാദ് അടക്കമുള്ള മിമിക്രി താരങ്ങളും മരണവിവരം അറിഞ്ഞെത്തി.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാലുമുതല്‍ അഞ്ചരവരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാരം.

Scroll to Top