
ധര്‍മസ്ഥല കൂട്ടക്കൊലപാതകപരമ്പര സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുകയാണ്. അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്‌റ്റേഷനില്‍ നിന്ന് നീക്കംചെയ്‌തെന്നാണ് വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെയുള്ള 15 വർഷകാലത്തെ ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ മരണങ്ങളുടെ രേഖകളാണ് നീക്കം ചെയ്തത്. വിവരാവകാശപ്രവര്‍ത്തകനും ധര്‍മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമായ ജയന്ത് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലീസില്‍നിന്ന് ഈ മറുപടി ലഭിച്ചത്.
കാണാതായവരുടെ പരാതികളും ചിത്രങ്ങളും നശിപ്പിച്ചെന്നും പോലീസ് പറഞ്ഞിരുന്നു. സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഉത്തരവിനെത്തുടര്‍ന്നാണ് 15 വര്‍ഷത്തെ രേഖകള്‍ സ്റ്റേഷനില്‍നിന്ന് നശിപ്പിച്ചതെന്നാണ് മറുപടിയിൽ പറയുന്നത്.
1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍ ധർമസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെൽത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കംചെയ്‌തെന്ന് പറയുന്നത് ഏറെ ദുരൂഹമാണ്.
മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് കരുതുന്ന പ്രദേശത്ത് തിരച്ചിൽ തുടരുന്നതിനിടെയാണ് രേഖകൾ നീക്കം ചെയ്തെന്ന് പറയുന്നത്. 13 സ്പോട്ടുകളാണ് മാര്‍ക്ക് ചെയ്ത് പരിശോധന നടത്തുന്നത്.
കേസ് വിശദമായി അറിയാം
എന്താണ് ധർമ്മസ്ഥലകേസ്
കർണാടകയിലെ ബെൽത്തങ്ങാടി താലൂക്കിൽ നേത്രാവതി നദിയുടെ തീരത്തുള്ള ഒരു ക്ഷേത്രനഗരമാണ് ധർമ്മസ്ഥല.
മഞ്ജുനാഥന് സമർപ്പിച്ചിരിക്കുന്ന ധർമ്മസ്ഥല ക്ഷേത്രത്തിൽ ജൈനരാണ് പൂജകൾ നടത്തുന്നത്. കര്‍ണാടകയുടെ ആത്മീയ ലോകത്തും രാഷ്ട്രീയ ലോകത്തും ഒരു പോലെ പ്രധാനിയായ വീരേന്ദ്ര ഹെഗഡെ അടക്കമുള്ള അവിടത്തെ ചില പ്രമുഖർ നിയന്ത്രിക്കുന്ന മഞ്ജുനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലപാതകങ്ങളാണ് ഈ കേസിന് ആധാരം. ക്ഷേത്രത്തിലെ മുന്‍ശുചീകരണ തൊഴിലാളിയുടെ തുറന്നു പറച്ചിലുകളാണ് തുടക്കം.
1992- 2014 കാലഘട്ടത്തില്‍ ക്ഷേത്രഭരണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം നേത്രാവതി പുഴയുടെ പരിസരത്തായി താന്‍ നിരവധി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നായിരുന്നു വെളിപ്പെടുത്തല്‍. നൂറുകണക്കിന് മൃതദേഹങ്ങൾ നേത്രാവതി നദിക്കരയിൽ കുഴിച്ചിടുന്നതിന് താൻ നിർബന്ധിതനായതായി 2025 ജൂണിലാണ് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയത്. ശവസംസ്കാരങ്ങൾ നടത്താനായി നേത്രാവതി നദിയുടെ തീരം തെരഞ്ഞെടുത്തത് മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതെ പോകാനും മൃദുവും ഈർപ്പമുള്ളതുമായ മണ്ണിൽ വേഗത്തിൽ അഴുകുന്നത് ഉറപ്പാക്കാനായിരിക്കാമെന്ന് അദ്ദേഹം ആരോപിച്ചു. ഇരകളെ കൂട്ടത്തോടെ സംസ്‌കരിച്ച സ്ഥലത്ത് നിന്ന് എടുത്തതാണെന്ന് അവകാശപ്പെട്ട അസ്ഥികൂട അവശിഷ്ടങ്ങളുമായാണ് ഇദ്ദേഹം കോടതിയിൽ ഹാജരായത്. താൻ കുഴിച്ചിട്ട മൃതദേഹങ്ങളിൽ യൂണിഫോം ഇട്ട കുട്ടികളടക്കം ഉണ്ടായിരുന്നതായാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന ശുചീകരണ തൊഴിലാളി കുറ്റബോധം കൊണ്ടാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് പറഞ്ഞത്.
എന്നാല്‍ ഈ ശുചീകരണ തൊഴിലാളി പറഞ്ഞ കാലത്തിനും മുമ്പേ ധര്‍മസ്ഥലയുടെ മണ്ണില്‍ പൂണ്ടുപോയ ജീവിതങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 1980കള്‍ മുതല്‍ക്ക് തന്നെ ധര്‍മ്മസ്ഥലയില്‍ ഇത്തരം കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. 1986യിൽ കര്‍ഷക സംഘത്തിന്റെ പ്രസിഡന്റ് ആയിരുന്ന മലയാളിയായ ദേവാനന്ദിന്റെ മകള്‍ പത്മലതയെ കാണാതായ കേസാണ് ധർമ്മസ്ഥലയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ്. എസ്ഡിഎം കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പത്മലത കോളേജ് കഴിഞ്ഞ് വൈകിട്ട് സുഹൃത്തുകള്‍ക്കൊപ്പം ധര്‍മ്മസ്ഥലയില്‍ ബസിറങ്ങിയിരുന്നു. അവിടെ നിന്നാണ് കാണാതാകുന്നതും. വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരെ സ്വതന്ത്ര ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പരാതിയും ഇതാണ്. ദുരൂഹമായ പല കേസുകൾ ഉണ്ടായിരുന്നെങ്കിലും ഇതിൽ പ്രധാനമായും കോളിളക്കമുണ്ടായ രണ്ട് കേസുകൾ 2003 ൽ കാണാതായ അനന്യ ഭട്ടിന്റേതും 2012 ൽ കൊല്ലപ്പെട്ട സൗജന്യയുടേതുമാണ്.
അനന്യ ഭട്ട്
2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് 20 വയസായിരുന്ന അനന്യ ഭട്ടിനെ കാണാതാകുന്നത്. മകളെ കാണാനില്ലെന്ന് അമ്മ സുജാത ഭട്ടാണ് പരാതിപ്പെട്ടത്. കഴിഞ്ഞ 22 വർഷമായി മകൾ എവിടെയെന്നോ, എന്ത് സംഭവിച്ചെന്നോ കുടുംബത്തിന് ഒരു വിവരവും ലഭിച്ചിട്ടില്ല.
സൗജന്യ കൊലപാതകം
ധര്‍മ്മസ്ഥലയില്‍ അവസാനമായി ദുരൂഹ സാഹചര്യത്തില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയാണ് സൗജന്യ.
2012 ഒക്ടോബര്‍ 9നു ക്ലാസ് കഴിഞ്ഞു സ്നാനഘട്ടത്തിനു സമീപം ബസിറങ്ങിയ സൗജന്യയെന്ന 17കാരിയെ കാണാതായി. കുടുംബത്തിന്റെ പരാതി പോലും സ്വീകരിക്കാന്‍ തുടക്കത്തില്‍ പൊലീസ് തയാറായിരുന്നില്ല. ക്രൂര ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം തൊട്ടടുത്ത ദിവസം വനത്തില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ സന്തോഷ് റാവുവെന്ന മാനസിക വെല്ലുവിളി നേരിടുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലയാളി ഇയാളല്ലന്നു കുടുംബം തറപ്പിച്ചു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ആരെയൊക്കെയോ സംരക്ഷിക്കാനെന്നവണ്ണം നിര്‍ണായക തെളിവുകളായ ശരീര ഭാഗങ്ങള്‍ പൂപ്പല്‍ പിടിക്കുന്നതുവരെ ലാബിലേക്കയക്കാതെയും പൊലീസ് കരുതലെടുത്തു. 9 വര്‍ഷത്തിനു ശേഷം പ്രതിയെ കോടതി വെറുതെ വിട്ടതോടെ ധര്‍മ്മസ്ഥല ഇളകി. യഥാര്‍ഥ പ്രതിയെ കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടര്‍ന്നു കേസ് സിബിഐയ്ക്കു കൈമാറി. 2022 ല്‍ തെളിവുകളില്ലാത്തതിനാല്‍ സിബിഐയും കേസ് മടക്കി.
അതിനിടെ ഈ കേസ് എസ്.ഐ.ടി അന്വേഷിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ധര്‍മ്മസ്ഥലയിലെ കൊലപാതകപരമ്പരയിൽ അന്വേഷണം നടത്തുന്നത് പ്രത്യേക സംഘമായ എസ്.ഐ.ടി ആണ്. സി.ബി.ഐയ്ക്കും പ്രതികളെ കണ്ടെത്താവാത്തതാണു എസ്.ഐ.ടി അന്വേഷണ പരിധിയിയില്‍ നിന്നും ഒഴിവാക്കാന്‍ കാരണം.
ജയന്തിന്റെ വെളിപ്പെടുത്തൽ
വിവരാവകാശപ്രവര്‍ത്തകനും ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയുമാണ് ഇച്ചലംപാടി സ്വദേശിയായ ടി.ജയന്ത്. ശുചീകരണത്തൊഴിലാളിക്ക് പുറമേ ജയന്തും പുതിയ പരാതിയുമായി പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മൃതദേഹം കുഴിച്ചിടുമ്പോള്‍ ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ജയന്തിന്റെ പരാതിയില്‍ എസ്‌ഐടി എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന. ജയന്ത് പറയുന്നിടത്ത് കുഴിച്ചുനോക്കി മൃതദേഹത്തിനായുള്ള തിരച്ചിലും ഉടന്‍ ആരംഭിച്ചേക്കും.
പരിശോധന തുടരുന്നു
ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പ്രകാരം മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്നു പറഞ്ഞത് 13 ഇടങ്ങളിലാണ്. ഇതിൽ അടയാളപ്പെടുത്തിയ ഏഴ്, എട്ട്, ഒന്‍പത്, പത്ത് സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലില്‍ മനുഷശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. ആറാം സ്ഥലത്ത് കുഴിച്ചപ്പോള്‍ അഞ്ച് പല്ലും രണ്ട് തുടയെല്ലും ഒരു താടിയെല്ലുകളും ലഭിച്ചിരുന്നു. ഇത് പുരുഷന്റെതാണെന്ന നിമഗനത്തിലാണ് അന്വേഷണസംഘം. അസ്ഥികള്‍ ബെംഗളൂരുവിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ഈ ലഭിച്ച തെളിവുകളും അന്വേഷണത്തില്‍ വഴിത്തിരിവായേക്കും.



