വീട്ടമ്മയ്ക്ക് വീട് നിര്‍മാണത്തിന് അനുവദിച്ച പണം സിപിഎം നേതാക്കള്‍ തട്ടിയെടുത്തു


പത്തനംതിട്ട നാരങ്ങാനത്ത് ദലിത് സ്ത്രീയുടെ വീട് നിര്‍മാണത്തിന് അനുവദിച്ച പണം സിപിഎം നേതാക്കള്‍ കൂടിയായ പഞ്ചായത്ത് അംഗങ്ങള്‍ തട്ടിയെടുത്തതില്‍ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപണം. പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ വഞ്ചനാ കേസ് എടുക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ നിര്‍ദേശം വന്നിട്ട് ഏഴ് മാസം കഴിഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.

പഞ്ചായത്ത് അംഗങ്ങള്‍ പണം തട്ടിയെടുത്തതോടെ സരസമ്മയുടെ വീട് പണി ശരിയായ രീതിയിൽ പൂർത്തിയാക്കാനായില്ല. വീടിനകത്ത് ചോര്‍ച്ചയുള്ളത് കൊണ്ട് താമസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. മൂന്ന് വര്‍ഷം മുൻപാണ് നാരങ്ങാനം പഞ്ചായത്ത് സരസമ്മയ്ക്ക് വീട് പുനരുദ്ധാരണത്തിന് 35000 രൂപ അനുവദിച്ചത്. ഈ പണവും പഞ്ചായത്തംഗം ആബിദാ ഭായി തട്ടിയെടുത്തു. കൂടാതെ മലനാട് മില്‍ക് സൊസൈറ്റി സഹായമായി നല്‍കിയ 25000രൂപ ആബിദയും മറ്റൊരു പഞ്ചായത്തംഗമായ ബെന്നി ദേവസ്യയും കൈക്കലാക്കി. പണി പൂർത്തിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും പക്ഷേ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്നും സരസമ്മ പറയുന്നു.

തന്‍റെ പേരില്‍ വ്യാപകമായി പിരിവു നടത്തിയതായും പട്ടികജാതി കമ്മിഷന്‍ ഉത്തരവിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞ ജൂണ്‍ 20ന് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും സരസമ്മ ആരോപിക്കുന്നു.

Scroll to Top