
ഇന്ത്യ- പാകിസ്താൻ സംഘർഷം നിർത്തിവെപ്പിച്ചത് താനാണെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്.സംഘർഷം അവസാനിപ്പിക്കാൻ മൂന്നാം ശക്തി ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വീണ്ടും ട്രംപ് അവകാശവാദമുന്നയിച്ചരിക്കുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് വീണ്ടും പറയുന്നത്.
റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിൽ 31 വർഷം നീണ്ട രക്തച്ചൊരിച്ചിൽ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ദശാബ്ദങ്ങൾ നീണ്ട കോംഗോ- റുവാണ്ട യുദ്ധത്തിൽ ഏഴ് ലക്ഷം ആളുകൾ മരിച്ചു. ആ യുദ്ധം നിർത്തിയതും താനാണ്’ ട്രംപ് പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുമ്പും പല തവണ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ രാത്രി നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10-ന് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയവിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്നാണ് പാർലമെന്റിൽ മറുപടി പ്രസംഗത്തിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷം നിർത്താൻ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞത്.



