റഷ്യൻ എണ്ണ ഞങ്ങൾ വാങ്ങുക തന്നെ ചെയ്യും, ഇന്ത്യക്കു പിന്നാലെ യുഎസിനെതിരെ ആഞ്ഞടിച്ച് ചൈനയും

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പിന്നാലെ യുഎസിനെതിരെ ആഞ്ഞടിച്ച് ചൈനയും രം​ഗത്ത്. വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണമാണ് ചൈനയും ആവർത്തിച്ചത്. ചൈനയ്ക്ക് ആവശ്യമുള്ള ഊർജ ലഭ്യത ഉറപ്പാക്കുമെന്നും രാജ്യതാൽപര്യമാണ് പ്രധാനമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു. നേരത്തേ, ഇന്ത്യയും ഇതേ മറുപടിയായിരുന്നു യുഎസിന് നൽകിയത്. ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നതു വഴി യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് ‘സാമ്പത്തിക പിന്തുണ’ നൽകുകയാണ് ചെയ്യുന്നതെന്ന് യുഎസ് ആരോപിച്ചിരുന്നു.

ചൈന, യുഎസ് പ്രതിനിധികൾ തമ്മിൽ വ്യാപാര ചർച്ചകൾ നടക്കുന്നതിനിടെയാണ് റഷ്യൻ എണ്ണ വിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ യുഎസ് കടുത്ത നടപടികളുമായി എത്തിയത്. യുഎസ് പുതുക്കിയ 100% തീരുവ ചൈന അംഗീകരിച്ചേക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ചൈനയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ പ്രയാസമേറിയതാണെന്നും യുഎസ് വിലയിരുത്തുന്നു. ചൈന, യുഎസ് ചർച്ചകൾ ഇനിയും സമവായത്തിലെത്തിയിട്ടില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്.

റഷ്യൻ എണ്ണയ്ക്ക് പുറമെ ചൈന വൻതോതിൽ ഇറാന്റെ എണ്ണ വാങ്ങുന്നതിലും യുഎസിന് അമർഷമുണ്ട്. ഇറാനിൽ നിന്നുള്ള 80-90 ശതമാനം എണ്ണ വാങ്ങുന്നതും ചൈനയാണ്. ഇറാനും റഷ്യയും എണ്ണയിൽ നിന്നുള്ള വരുമാനം യുദ്ധങ്ങൾക്കും ആയുധങ്ങൾ വാങ്ങാനുമൊക്കെ ഉപയോഗിക്കുന്നു എന്നാണ് യുഎസ് പറയുന്നത്. അതേസമയം, ഇന്ത്യ ഇപ്പോൾ ഇറാന്റെ എണ്ണ വാങ്ങുന്നില്ല. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ‌ 33 ശതമാനവും ഇപ്പോൾ റഷ്യയിൽ‌ നിന്നാണ്. ബാക്കി ഇറാക്ക്, സൗദി, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി.

ഇന്ത്യയ്ക്ക് 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചാണ് ട്രംപ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ അരിശം തീർത്തത്. ഇന്ത്യയ്ക്ക് പിഴയും ചുമത്തുമെന്ന് പറഞ്ഞിരുന്നു. യുക്രെയ്നുമായി സമാധാന ഉടമ്പടിയുണ്ടാക്കണമെന്ന് റഷ്യയ്ക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്തപക്ഷം റഷ്യയ്ക്കുമേൽ രണ്ടാംഘട്ട’ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഈ സമയപരിധി ട്രംപ് കഴിഞ്ഞയാഴ്ച വെറും 12 ദിവസമായി ചുരുക്കിയ പശ്ചാത്തലത്തിൽ ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു.  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ), മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽസ് (എംആർപിഎൽ) എന്നിവയാണ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയത്.

എന്നാൽ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാകമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിനു പിന്നാലെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരുമെന്ന പ്രതികരണം ഇന്ത്യ നൽകി. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധം ഭയന്ന് റഷ്യയുമായുള്ള വ്യാപാരബന്ധം നിർത്തുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് റഷ്യന്‍ എണ്ണ വീണ്ടും വാങ്ങുന്നത് . ലോകത്ത് എണ്ണ ഇറക്കുമതിയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, മൊത്തം ഉപഭോഗത്തിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഫലത്തിൽ, കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യവുമാണ്.

യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതലാണ് ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങിത്തുടങ്ങിയത്. യൂറോപ്യൻ യൂണിയനും യുഎസും മറ്റും റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നത് ചുരുക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു അത്.

ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വിപണി വിലയേക്കാൾ വൻതോതിൽ ഇളവ് വാ​ഗ്ദാനം ചെയ്യുകയായിരുന്നു. കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടുമെന്നതിനാൽ ഓഫർ ഇന്ത്യ സ്വീകരിക്കുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ‌ 0.2% മാത്രമായിരുന്നു റഷ്യയുടെ പങ്ക്. നിലവിൽ അതു 35-40 ശതമാനമാണ്. മാത്രമല്ല, ഇന്ത്യയുടെ പരമ്പരാഗത എണ്ണ സ്രോതസ്സുകളായ ഗൾഫ് രാഷ്ട്രങ്ങളെ ബഹുദൂരം പിന്തള്ളി റഷ്യ ഒന്നാംസ്ഥാനവും പിടിച്ചെടുത്തു.

അതേസമയം, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഏറെക്കാലമായി അമേരിക്ക കടുത്ത വിമർശനങ്ങളുന്നയിക്കുമ്പോഴും, അമേരിക്കയുടെ എണ്ണയും വൻതോതിൽ ഇന്ത്യ വാങ്ങിക്കൂട്ടുകയാണ്. 2024ൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ അമേരിക്കയുടെ വിഹിതം 3.5 ശതമാനമായിരുന്നു. 2025ന്റെ ആദ്യപകുതിയിൽ വിഹിതം കുതിച്ചുകയറിയത് 8.5 ശതമാനത്തിലേക്ക്. റഷ്യയുടെ വിഹിതമാകട്ടെ 36.3 ശതമാനത്തിൽ നിന്ന് 33.7 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ‌ 5-ാം സ്ഥാനം അമേരിക്ക നിലനിർത്തിയിട്ടുമുണ്ട്. 2024 ജനുവരി-ഡിസംബർ കണക്കനുസരിച്ച് 20.5 ശതമാനം വിഹിതവുമായി ഇറാക്കാണ് രണ്ടാമത്.40ലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്. അൾജീരിയ, മലേഷ്യ., ഈജിപ്റ്റ്, കോംഗോ, ബ്രൂണേയ്, ഘാന, കാനഡ, ഗ്രീസ്, ടോഗോ, ഇക്വഡോർ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.

Scroll to Top