
ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയിക്കപ്പെടുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍ കണ്ടെടുത്തു. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടത്. ഇരുപതിലേറെ അസ്ഥികള്‍ ഉള്ളതായാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്‌നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തോട് സെബാസ്റ്റിയന്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം. സെബാസ്റ്റിയന്നുമായി തെളിവെടുപ്പ് തുടരുകയാണ്.
കുളത്തിലെ പരിശോധനയില്‍ ചില വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദമായ പരിശോധനകള്‍ നടത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. സെബാസ്റ്റ്യന്റെ പറമ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. ഇവ വറ്റിക്കുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ തെളിവുകൾ യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം.



