
ചേര്‍ത്തല തിരോധാന കേസിൽ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം. അന്വേഷണത്തോട് സെബാസ്റ്റ്യൻ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിലാണ് ഭാര്യയെ ചോദ്യംചെയ്യാനുളള അന്വേഷണ സംഘത്തിന്റെ തീരുമാനം.
അഞ്ചുദിവസമായി ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ചോദ്യംചെയ്യലിൽ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യൻ നൽകുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങൾ അറിയാമോ എന്നതിൽ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോൾ പ്രതി സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സർവീസ് സഹകരണ ബാങ്കുകളിൽ കോടികളുടെ നിക്ഷേപമാണ് ഇയാൾ നടത്തിയിട്ടുള്ളത്. തിരോധാന കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളുടെ പക്കൽ നിന്ന് തട്ടിയെടുത്ത പണമാണെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.



