
ധർമ്മസ്ഥല കൂട്ടക്കൊലപാതക പരമ്പര കേട്ട മലയാളികൾ ഞെട്ടിയെങ്കിലും അങ്ങ് കർണാടകയിൽ എവിടെയോ നടന്ന കൊലപാതകമല്ലേ എന്ന് നെടുവീർപ്പെട്ടു. എന്നാൽ ശരിക്കും ഞെട്ടിയത് നമ്മുടെ കൊച്ചു കേരളത്തിലെ, ചേർത്തലയിലെ തിരോധാനകേസുകളുമായി ബന്ധപ്പെട്ട പുതിയ തെളിവുകൾ പുറത്ത് വന്നപ്പോഴാണ്. കേസുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ ആലപ്പുഴ ചേർത്തലയിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.
പരിശോധനയിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും വീണ്ടും അസ്ഥികളും ശുചിമുറിയില്‍ രക്തക്കറയും കണ്ടെത്തി. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെടുത്തത്. അസ്ഥികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സെബാസ്റ്റ്യന് കൂടുതല്‍ കുരുക്കായി രക്തക്കറയുടെ സാമ്പിളുകള്‍ കൂടി ലഭിച്ചിരിക്കുന്നത്. ഇരുപതിലേറെ അസ്ഥികള്‍ കണ്ടെടുത്തതായിയാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും ബാഗും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങൾ കിട്ടയ സ്ഥലത്തുനിന്ന് അമ്പതോളം മീറ്റർ മാറിയാണ് ഇന്ന് അസ്ഥികൾ ലഭിച്ചത്. ഇവ രണ്ടും ഒരാളുടേത് തന്നെയാണോ എന്നത് ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്‌നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തോട് സെബാസ്റ്റിയന്‍ സഹകരിക്കുന്നില്ലെന്നാണ് വിവരം.സെബാസ്റ്റിയന് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് തിരോധാനക്കേസുകള്‍ക്ക് പുറമേ കൂടുതല്‍ തിരോധാനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് മുന്നേ തന്നെ സംശയമുണ്ടായിരുന്നു,
കഡാവര്‍ ആണ് ‘നായ’കൻ
കഡാവര്‍ നായകളെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ആദ്യഘട്ടത്തിൽ വീടിന്റെ പിറകിലുള്ള ശൗചാലയത്തിലേക്കായിരുന്നു കഡാവർ നായ ഓടിക്കയറിയത്. തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തിയത്. ടൈലുകള്‍ക്കിടയില്‍ രക്തക്കറ ഉണ്ടായിരുന്നു. രക്തസാമ്പിളുകള്‍ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കുകയാണ്. പറമ്പിലുള്ള കുളത്തിനരികിലേക്ക് ആണ് ശുചിമുറിയില്‍ നിന്നും നായ പിന്നെ ഓടിയെത്തിയത്. ഇതോടെ കുളത്തിൽ മൃതദേഹം തള്ളിയെന്ന സംശയത്തിലാണ് കുളം വറ്റിച്ചുള്ള പരിശോധന നടത്തിയത്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി ഉപയോഗിച്ച് മാറ്റിയുള്ള പരിശോധനയിലാണ് സ്ത്രീൾ ഉപയോഗിക്കുന്ന ബാഗും കൊന്തയും വസ്ത്ര ഭാഗങ്ങളും കണ്ടെത്തിയത്.
2.15 ഏക്കർ വരുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന നിലയിലാണ്. ഇതിൽ ഒന്നിലധികം കുളങ്ങളുമുണ്ട്. ആഫ്രിക്കൻ മുഷിയടക്കമുള്ള മത്സ്യങ്ങളും കുളത്തിലുണ്ട്. മൃതദേഹങ്ങൾ കുളത്തിൽ തള്ളിയിട്ടുണ്ടോ എന്ന സംശയം ബലപ്പെടാൻ ഇതും കാരണമാണ്. കെഡാവർ നായ പോകുന്ന സ്ഥലങ്ങളിലൊക്കെ ജെസിബി ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. കെഡാവർ നായകളെ ഉപയോഗിച്ച് മണ്ണിൽ മനുഷ്യ ശരീരഭാഗങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദമായ പരിശോധനകള്‍ നടത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയും തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ തെളിവുകൾ യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം.നിലവിൽ ചേര്‍ത്തലയില്‍ നിന്ന് കാണാതായ ബിന്ദു പത്മനാഭന്‍, ഐഷ, ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ, വള്ളാക്കുന്നത് സിന്ധു ഇങ്ങനെ നാല് സ്ത്രീകളുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ സംശയിക്കുന്നത്. കൂടുതൽ കേസുകൾ തള്ളിക്കളയാനാവില്ലെന്നാണ് പോലീസ് കരുതുന്നത്.
ആരാണ് സെബാസ്റ്റ്യന്‍
സെബാസ്റ്റ്യന്‍ ഒരു സീരിയര്‍ കില്ലര്‍ ആണോ? ഇപ്പോൾ ഉറപ്പില്ലെങ്കിലും വസ്തു ഇടപാടുകളിലൂടെ സമ്പന്നനായ സെബാസ്റ്റ്യന്‍ ഒരുകാലത്ത് പള്ളിപ്പുറത്തുകാരുടെ അമ്മാവനായിരുന്നു. ഒറ്റപ്പെട്ട പ്രദേശത്തുള്ള രണ്ടരയേക്കറില്‍ സ്ഥിതിചെയ്യുന്ന വീട്ടിലായിരുന്നു സെബാസ്റ്റിയന്‍ താമസം… 2017-ല്‍ ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീയെ കാണാനില്ല എന്ന പരാതി വന്നതോടെ നടന്ന അന്വേഷണത്തിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്. അതു വരെ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഇയാള്‍… പിന്നീടാണ് വസ്തു ഇടപാടുകളില്‍ സെബാസ്റ്റ്യന്‍ നിരവധി പേരെ കബളിപ്പിച്ചതായി പരാതികള്‍ വരുന്നത്… കേസിലുള്‍പ്പെട്ട് നിരന്തരം പോലീസ് വീട്ടിലെത്തിയതോടെ ഇയാളും കുടുംബവും താമസം ഭാര്യവീടായ ഏറ്റുമാനൂരിലേക്കു മാറ്റി…സ്ത്രീകളെ കൊന്ന് അവരുടെ സ്വര്‍ണാഭരണങ്ങളും വസ്തുവും കൈക്കലാക്കുക എന്നുള്ളതാണ് ഇയാളുടെ പ്രധാന ലക്ഷ്യമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍..
ഈ കേസിന്റെ തുടക്കം എങ്ങനെയാണെന്ന് നോക്കാം……
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻറെ തിരോധാനമാണ് ഈ കേസുകളുടെ ഒക്കെ തുടക്കം. 23 വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദു പത്മനാഭൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നുപോലും ആർക്കും അറിയില്ല. എന്നാൽ, ബിന്ദു പത്മനാഭൻ തിരോധാനക്കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസും ക്രൈംബ്രാഞ്ചും സംശയിക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോഴാണ് വീണ്ടും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്.
ആരാണ് ബിന്ദു പത്മനാഭൻ
കോടീശ്വരിയായിരുന്നു ബിന്ദു. റിട്ടയേർഡ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പത്മനാഭപിള്ളയ്ക്കു ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. മകൻ പ്രവീൺ ഇറ്റലിയിലും. മകൾ ബിന്ദു ബെംഗളുരുവിലും. വീസ സംബന്ധമായ പ്രശ്നങ്ങൾ കാരണം പ്രവീണിന് വർഷങ്ങളോളം നാട്ടിൽ വരാൻ കഴിഞ്ഞിരുന്നില്ല. പത്മനാഭപിള്ള 1999 ൽ മക്കളായ പ്രവീണിനും ബിന്ദുവിനും തുല്യമായി സ്വത്തുക്കൾ വീതിച്ച് വിൽപത്രം തയാറാക്കി.പിന്നീട്, സ്വത്തുക്കളെല്ലാം ബിന്ദുവിന്റെ പേരിലേക്കു മാത്രമായി എത്തുന്നവിധം 2002 നവംബർ 22നു മറ്റൊരു വിൽപത്രവും രജിസ്റ്റർ ചെയ്തു. പത്മനാഭ പിള്ള മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുതിയ വിൽപത്രം തയ്യാറാക്കിയത്. പത്മനാഭ പിള്ള മരിക്കുന്നതിന് രണ്ടുമാസം മുമ്പ് ഭാര്യ മരിച്ചിരുന്നു.
പിതാവ് സ്വത്തെല്ലാം തനിക്ക് മാത്രമായി നൽകിയെന്നും സഹോദരൻ പ്രവീണിൽ നിന്നും തനിക്ക് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ബിന്ദു പൊലീസിൽ പരാതി നൽകുമ്പോഴാണ് പ്രവീണും സ്വത്തുക്കളെല്ലാം സഹോദരിക്കായി പിതാവ് എഴുതിവെച്ച വിവരം അറിയുന്നത്. ഇറ്റലിയിലായിരുന്നതിനാലും, സ്വന്തം സഹോദരി ആയതിനാലും പ്രവീൺ തർക്കത്തിനും കേസിനുമൊന്നും പോയില്ല. എന്നാൽ, ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ പ്രവീൺ മനസ്സിലാക്കുന്നത് സഹോദരി സ്വത്തെല്ലാം വിറ്റുതുലച്ചെന്നും കഴിഞ്ഞ മൂന്നു വർഷമായി ബിന്ദുവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു. ഇതോടെയാണ് 2017ൽ പ്രവീൺ സഹോദരിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുന്നത്.
2013നു ശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നാണ് പരാതി. 2013 ആഗസ്റ്റിൽ മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദുവും പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായി എത്തിയെന്നും പിന്നീട് ബിന്ദുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പരാതിയിൽ പറഞ്ഞിരുന്നു. ഇതാണ് ബിന്ദു തിരോധാനവുമായി സെബാസ്റ്റ്യനെ ബന്ധപ്പെടുത്തിയതും. തുടർന്ന് അവസാനകാലങ്ങളിൽ സെബാസ്റ്റ്യനോടൊപ്പം ബിന്ദുവിനെ പലരും കണ്ടിട്ടുള്ളതായി മൊഴി ലഭിച്ചു. പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കാണാതായ ബിന്ദു 2003 മുതൽ സെബാസ്റ്റ്യനുമായി അടുത്ത ബന്ധംപുലർത്തിയിരുന്നതായും പലതവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ വന്നിട്ടുള്ളതായും കണ്ടെത്തി. ബിന്ദു മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതൽ ഇടപഴകിയിട്ടുള്ളത് സെബാസ്റ്റ്യനുമായി മാത്രമായിരുന്നെന്നും തെളിഞ്ഞിരുന്നു. അങ്ങനെയാണ് സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ബിന്ദുവിന്റെ പേരിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു വിൽപന നടത്തിയതിന് സെബാസ്റ്റ്യനെ സഹായിച്ച കുറുപ്പംകുളങ്ങര സ്വദേശിനി മിനി എന്ന ടി.ജയ, പ്രമാണം തയാറാക്കിയ ഇടപ്പള്ളി അറയ്ക്കൽ പറമ്പിൽ വീട്ടിൽ ജി.ഗോവിന്ദൻകുട്ടി മേനോൻ, സാക്ഷിയായി ഒപ്പിട്ട ചേന്നംപള്ളിപ്പുറം സ്വദേശി പി.കുര്യൻ, ഒന്നാം പ്രതിയുടെ സഹായി ഷിൽജി എന്നിവരും അറസ്റ്റിലായിരുന്നു. മിനിയാണ് ബിന്ദുവിന്റെ പേരിൽ ആൾമാറാട്ടം നടത്തി മുക്ത്യാറിൽ ഒപ്പിട്ടതെന്നും പൊലീസ് കണ്ടെത്തി. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ എസ്.മനോജിനെ അന്വേഷണം നടക്കുന്നതിനിടെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.
എറണാകുളത്ത് ബിന്ദുവിന്റെ പേരിലുള്ള കോടികൾ വിലമതിക്കുന്ന വസ്തു ഇവർ വ്യാജമായി വിൽപന നടത്തിയതായി കണ്ടെത്തുകയും രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പൊലീസ്രജിസ്ട്രാർക്ക് കത്ത് നൽകുകയും ചെയ്തു. ബിന്ദുവിന്റെ പിതാവിന്റെ പെൻഷൻ തുക 2006 വരെ ബിന്ദു ട്രഷറിയിൽ ഒപ്പിട്ട് വാങ്ങിയതിന് രേഖയുണ്ട്. എന്നാൽ അതിന് ശേഷം ഇവരെ കുറിച്ച് ഒരു വിവരവുമില്ല.
ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു. യഥാർഥ രേഖകളെ വെല്ലുന്ന വ്യാജ രേഖകൾ ചമച്ച് സെബാസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രതികൾ ക്രമക്കേട് നടത്തിയത് ബിന്ദു ഇല്ലാതായതിനു ശേഷമാകാനുള്ള സാധ്യതയെക്കുറിച്ചും പൊലീസ് പറയുന്നുണ്ട്.
ബിന്ദുവിൽ നിന്നും ജെയ്നമ്മയിലേയ്ക്ക് അഥവാ ജെയ്നമ്മയിൽ നിന്നും ബിന്ദുവിലേക്ക്
2024 ഡിസംബർ 23നാണ് ജെയ്നമ്മയെ കാണാതായത്. പാലായിൽ ധ്യാനത്തിനു പോകുകയാണെന്നു പറഞ്ഞാണു ജെയ്നമ്മ വീട്ടിൽ നിന്നിറങ്ങിയത്. 4 ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ ഭർത്താവ് അപ്പച്ചനും സഹോദരൻ സാവിയോ മാണിയും പൊലീസിൽ പരാതി നൽകി. പക്ഷേ അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. തുടർന്ന് ഈ വർഷം ഏപ്രിലിൽ ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കാണാതായ ദിവസങ്ങളിൽ ജെയ്നമ്മയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ ചേർത്തല പള്ളിപ്പുറത്തായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സമാനമായ മറ്റൊരു തിരോധാനക്കേസിൽ പ്രതിസ്ഥാനത്തുള്ള സെബാസ്റ്റ്യന്റെ വീട് ഈ പരിസരത്താണ് എന്നറിഞ്ഞ ക്രൈംബ്രാഞ്ച്, രണ്ടു മാസം മുൻപ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തു.
വിശദമായ പരിശോധനയിൽ, ജെയ്നമ്മയെ കാണാതായ ദിവസങ്ങളിൽ ഇരുവരുടെയും മൊബൈൽ ഫോണുകൾ ഒരേ ടവറിന്റെ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തി. സെബാസ്റ്റ്യനും ജെയ്നമ്മയും തമ്മിലുള്ള ഫോൺ കോൾ രേഖകൾ കൂടി പരിശോധിച്ചതോടെയാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ വീണ്ടും വിശദമായി ചോദ്യം ചെയ്തത്.
അതേസമയം, കാണാതായ ജെയ്നമ്മയുടെ ഫോണിൽ നിന്നു ഈ അടുത്ത കാലത്തും സഹോദരിക്കു കോൾ വന്നു. മിസ്ഡ് കോൾ ആണ് എത്തിയത്. ക്രൈംബ്രാഞ്ചിനെ അറിയിച്ചപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ടവർ ലൊക്കേഷൻ മേലുകാവിൽ ആണെന്നു കണ്ടെത്തി. തുടർന്നു അന്വേഷണ സംഘവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അന്വേഷണം വഴി തെറ്റിക്കാനും ജെയ്നമ്മ മേലുകാവ് ഭാഗത്ത് ഉണ്ടെന്നു വിശ്വസിപ്പിക്കാനും സെബാസ്റ്റ്യന്റെ അറിവോടെയാണ് ഫോൺവിളി ആസൂത്രണം ചെയ്തതതെന്നാണ് അന്വേഷണ സംഘം പറയുന്നത്
ഐഷയും റോസമ്മയും
ചേർത്തല വാരനാട് സ്വദേശി ഐഷയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ പങ്ക് വെളിപ്പെടുത്തിയത് ചേര്‍ത്തല നഗരസഭ ശാസ്താംകവല സ്വദേശിനി റോസമ്മയാണ്. കാണാതായ ഐഷയുടെ സമീപവാസിയാണ് റോസമ്മ. അയല്‍വാസിയെന്ന നിലയില്‍ ഐഷയുമായി നല്ല ബന്ധത്തിലായിരുന്നു. കാണാതാകുന്ന സമയത്ത് ഐഷയും സെബാസ്റ്റ്യനും അടുത്ത ബന്ധത്തിലായിരുന്നു. സ്ഥലം വാങ്ങാനായി കരുതിവെച്ചിരുന്ന പണമടക്കം ഇവരുടെ കൈവശമുണ്ടായിരുന്നതായും ഇതു സെബാസ്റ്റ്യന്‍ തട്ടിയെടുത്തിട്ടുണ്ടാകുമെന്നുമാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായശേഷം പലപ്പോഴായി ഇവരുടെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ മറുപടിയുണ്ടാകാറില്ലെന്നും തിരിച്ചുവിളിച്ചാല്‍ എടുക്കാറില്ലെന്നും റോസമ്മയുടെ മൊഴിയുണ്ട്.
ഒറ്റയ്ക്കു താമസിക്കുന്ന തന്നെയും വിവാഹംകഴിക്കാന്‍ സെബാസ്റ്റ്യന്‍ സമീപിച്ചിരുന്നതായ റോസമ്മ പറയുന്നുണ്ട്. തന്റെ സ്വത്ത് ലക്ഷ്യമിട്ടാണ് വസ്തുവില്‍പ്പനയുടെ കാര്യംപറഞ്ഞ് ഇയാള്‍ അടുത്തുകൂടി വിവാഹാലോചന നടത്തിയത്. ബന്ധുക്കളെ വിവരം അറിയിക്കുമെന്നു പറഞ്ഞശേഷം ഇയാള്‍ പിന്നീടെത്തിയിട്ടില്ലെന്നും റോസമ്മ പറയുന്നു.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ റോസമ്മയും ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
സിന്ധു
ചേര്‍ത്തലയില്‍ നിന്ന് അഞ്ചുവര്‍ഷം മുമ്പ് കാണാതായ സിന്ധു തിരോധാനം, സെബാസ്റ്റ്യൻ കുടുങ്ങിയതോടെ വീണ്ടും അന്വേഷിക്കുകയാണ്. 2020 ഒക്ടോബര്‍ 19നാണ് ചേര്‍ത്തലയില്‍ നിന്ന് സിന്ധുവിനെ കാണാതായത്. തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് 2023ല്‍ അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. അമ്പലത്തില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് സിന്ധു ഇറങ്ങിയത്. എന്നാല്‍ പിന്നീട് സിന്ധു തിരിച്ചുവന്നില്ല. മൂന്ന് സ്ത്രീകളെ കാണാതായ കേസിന് സമാനമായ സാഹചര്യങ്ങള്‍ സിന്ധു തിരോധാന കേസിലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍ത്താവുമായി പിണങ്ങി ഏറെ നാളായി മാറി താമസിച്ചുവരികയായിരുന്നു സിന്ധു. മകളുടെ കല്യാണ നിശ്ചയത്തിന് രണ്ട് ദിവസം മുന്‍പാണ് സിന്ധുവിനെ കാണാതായത്.
ഇനിയെന്ത്?
‘ധര്‍മ്മസ്ഥല’ വിവാദത്തിന് സമാനമാണ് പള്ളിപ്പുറത്തെ കേസും എന്നാണ് പോലീസ് സംശയിക്കുന്നത്. ജൈനമ്മ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനുള്ള പങ്ക് വ്യക്തമായതോടെയാണ് ഇയാൾ താമസിച്ചിരുന്ന പള്ളിപ്പുറത്തെ വീടും പരിസരവും പരിശോധിക്കാൻ തീരുമാനിച്ചത്.
ഈ കേസുകളിൽ ഒക്കെ സെബാസ്റ്റ്യന്റെ പങ്ക് വ്യക്തമാണ്, ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ക്രൈംബ്രാഞ്ചിന് ഇപ്പോൾ പ്രതീക്ഷ.



