
ഇന്ത്യക്കു മേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളെ കാറ്റിൽ പറത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനം നടത്തുകയാണ്. ഇന്ത്യയുടെ റഷ്യയുമായുള്ള പ്രതിരോധ, ഊര്‍ജ്ജ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക ഇതാണ് സന്ദര്‍ശനലക്ഷ്യം. അജിത് ഡോവല്ലിന് പിന്നാലെ ഓഗസ്റ്റ് പകുതിയോടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യ സന്ദർശിക്കും. അതായത് ഇന്ത്യ തുനിഞ്ഞു തന്നെ.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ ഇറക്കുമതിത്തീരുവ വര്‍ദ്ധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യയുടെ ശക്തമായ മറുപടി ആണിത്. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തിയത്. ഇതിൽ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്,
മറ്റൊരു തരത്തിൽ പറഞ്ഞാൽ അമേരിക്കയുടെ ലോകാധിപത്യ മനോഭാവത്തിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഇന്ത്യ നടത്തിയത്. ഏഷ്യയിലും ആഫ്രിക്കയിലുമുള്ള വികസ്വരരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഈ ഉറച്ച നിലപാട് വലിയ പ്രചോദനമായിരിക്കും നൽകുക .റഷ്യയില്‍ നിന്നും ഇനിയും എണ്ണ വാങ്ങിയാല്‍ ആഗസ്ത് ഏഴിന് നിലവില്‍ വരുന്ന 25 ശതമാനം അധികത്തീരുവയ്ക്കു പുറമേ പിഴത്തീരുവ ചുമത്തുമെന്നാണ് ട്രംപ് സ്വന്തം പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചത്. എന്നാൽ തങ്ങളെ ലക്ഷ്യം വെക്കുന്നത് അന്യായമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുകയാണ്.
സ്വന്തം വിദേശനയ അജണ്ടകള്‍ മറ്റുരാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ അമേരിക്ക പണ്ടേ വിദഗ്ധരാണ്. ഒപ്പം നില്‍ക്കാത്തവരെ ഉപരോധം കൊണ്ട് ബുദ്ധിമുട്ടിക്കും, അതിന് സാമ്പത്തികവും സൈനികവുമായ മേധാവിത്വമായിരിക്കും ആയുധം. ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ എന്ന മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നിലപാട് തന്നെയാണ് ഇപ്പോഴും പിൻതുടരുന്നത്. ഇത്രയും രൂക്ഷമായി അമേരിക്ക പോലൊരു ഒരു വികസിത രാഷ്ട്രത്തോട് ഇന്ത്യ പ്രതികരിച്ചതിനെ ആഗോള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തുടക്കമായി കാണുന്നവരും ഉണ്ട്.
അമേരിക്കയ്ക്ക് ഇന്ത്യയെ പേടിയില്ല പക്ഷേ ഒരു ചെറിയ ഭയം
ആഗോളരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ നേടി വരുന്ന നേതൃസ്ഥാനത്തിൽ അമേരിക്കയ്ക്ക് അത്യാവശ്യം നല്ല രീതിയിൽ തന്നെ കണ്ണുകടിയുണ്ട്. ജി-20, ബ്രിക്‌സ് കൂട്ടായ്മകളിലെ ഇന്ത്യൻ ആധിപത്യത്തിൽ അമേരിക്കയ്ക്ക് ചെറുതല്ലാത്ത ഉത്കണ്ഠയാണുള്ളത്.
റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുകയും അമേരിക്കയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുകയും ചെയ്യുന്ന ഇന്ത്യയുടെ സ്മാർട്ട് മൂവുകളെ അമേരിക്ക ഭയപ്പെട്ട് തുടങ്ങി. അമേരിക്ക ഉള്‍പ്പെട്ട ക്വാഡിലും വികസ്വരരാജ്യ കൂട്ടായ്മയായ ബ്രിക്‌സിലും അംഗമായിരിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ തന്ത്രപരമായ സ്വതന്ത്രനിലപാട് അമേരിക്കൻ മേൽക്കോയ്മയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് അവർ കരുതുന്നു. ഇക്കാര്യങ്ങളൊക്കെയാണ് ഇന്ത്യ റഷ്യയെ സഹായിക്കുന്നെന്ന അമേരിക്കൻ ആരോപണത്തിന് പിന്നിൽ.
ഉപരോധമാണ് ആയുധം
തങ്ങളുടെ വരുതിയിൽ നിൽക്കാത്ത നിലപാടെടുക്കുന്ന രാജ്യങ്ങളെ സാമ്പത്തികമായി അസ്ഥിരപ്പെടുത്താനും ഒറ്റപ്പെടുത്താനും അമേരിക്ക ഉപയോഗിക്കുന്ന ആയുധമാണ് ഉപരോധങ്ങള്‍. ഇറാനില്‍ ഇസ്ലാമിക ഭരണകൂടം വന്നപ്പോൾ അവരുടെ എണ്ണ കയറ്റുമതിയേയും സാമ്പത്തികമേഖലയെയും മറ്റും ലക്ഷ്യംവെച്ച് നിരവധി ഉപരോധങ്ങളാണ് അമേരിക്ക അടിച്ചേല്‍പ്പിച്ചത്. ഇറാനിയന്‍ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും പ്രാദേശികപ്രവര്‍ത്തനങ്ങളെയും തകിടംമറിക്കാനും ആണവപദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാക്കാനും വേണ്ടിയായിരുന്നു അത്. സ്വതന്ത്രവുമായ നിലപാട് കൈക്കൊണ്ട ക്യൂബയും വെനസ്വേലയും പോലുള്ള രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക കൈക്കൊണ്ട കടുത്ത നടപടികള്‍ ആ രാജ്യങ്ങളില്‍ സാമ്പത്തികമാന്ദ്യവും രാഷ്ട്രീയ അസ്ഥിരതയും വിതച്ചു.
എന്നാൽ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ ഇന്ത്യയെയും പരോക്ഷമായി ബാധിച്ചു. ഇറാനെതിരായ അമേരിക്കന്‍ ഉപരോധങ്ങൾ കാരണം 2019-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇന്ത്യയ്ക്ക് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കേണ്ടി വന്നു. വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കന്‍ ഉപരോധം കാരണം അവിടത്തെ എണ്ണക്കമ്പനികളില്‍ നടത്തിയ നിക്ഷേപം ഇന്ത്യക്ക് ഉപേക്ഷിക്കേണ്ടിയും വന്നു. ഇറാനിലെന്ന പോലെ, അതും ഇന്ത്യയ്ക്ക് ഗണ്യമായ സാമ്പത്തികനഷ്ടം ഉണ്ടാക്കി. അമേരിക്കയെ പിണക്കാതിരിക്കുന്നതിന് അന്ന് ആ പിന്‍മാറ്റം അത്യാവശ്യമായിരുന്നു.
പക്ഷേ പതിയെ ആണ് അതിൽ ഒളിഞ്ഞിരിക്കുന്ന കളി ഇന്ത്യയ്ക്ക് മനസിലായത്. ഉപരോധത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് സ്ഥിരതയുള്ള ഒരു നയമില്ലെന്ന് പിന്നീട് ബോധ്യമായി. ബൈഡന്‍ ഗവണ്‍മെന്റ് വെനസ്വേലയ്ക്ക് മേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്തുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തു. ഈ ദുരനുഭവം റഷ്യയുമായുള്ള എണ്ണവ്യാപാരത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഇന്ത്യയ്ക്ക് പാഠമായി.
റഷ്യൻ എണ്ണ
ജി-7, യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ എണ്ണയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ വിലനിയന്ത്രണമാണ് റഷ്യയിൽ എണ്ണയ്ക്ക് വില ഇടിയാൻ കാരണമായത്. റഷ്യയ്ക്ക് മേലുള്ളത് ഉപരോധമല്ലെന്നിരിക്കെ അത് മുതലെടുത്താണ് ഇന്ത്യ എണ്ണ ഇറക്കുമതി ഊര്‍ജിതപ്പെടുത്തിയത്. 2022-ല്‍ ആരംഭിച്ച റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് ശേഷമാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഗണ്യമായി വര്‍ധിച്ചത്. ഇപ്പോള്‍ ഇന്ത്യയ്ക്കു വേണ്ട എണ്ണയുടെ ഏതാണ്ട് 35 ശതമാനവും അവിടെ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പാശ്ചാത്യ ഉപരോധം കാരണം റഷ്യന്‍ എണ്ണയ്ക്ക് വലിയ തോതില്‍ വിലകുറക്കേണ്ടി വന്നത് ഇന്ത്യയ്ക്ക് സഹായമാകുകയായിരുന്നു. ഇന്ധനവിലയെ പിടിച്ചുനിര്‍ത്താന്‍ ഒരു പരിധി വരെ റഷ്യന്‍ ഇറക്കുമതി സഹായകമായി. അമേരിക്കയില്‍ നിന്നടക്കം ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. എങ്കിലും പൂര്‍ണ്ണമായി റഷ്യന്‍ എണ്ണയെ മാറ്റിനിര്‍ത്തുന്നത് ഇന്ത്യയുടെ ഇറക്കുമതി തുക വൻ തോതിൽ വര്‍ധിപ്പിക്കും. ഇത് ഒഴിവാക്കിയേ തീരൂ. ഡോവലിന്റെ സന്ദര്‍ശനത്തിനിടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വില ഇന്ത്യക്കായി കൂടുതല്‍ കുറയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടന്നേക്കും.
അമേരിക്കയുടെ ഇരട്ടത്താപ്പ്
റഷ്യയുമായ ഇന്ത്യയ്ക്ക് മാത്രമല്ല ഇറക്കുമതി പങ്കാളിത്തം. 2024-ല്‍ റഷ്യയുമായി യൂറോപ്യന്‍ യൂണിയന്‍ 67.5 ബില്യന്‍ യൂറോയുടെ വ്യാപാരം നടത്തി. 2023-ല്‍ 27.3 യൂറോ മൂല്യമുള്ള സേവനവ്യാപാരം നടത്തി. ഇത് ഇന്ത്യ- റഷ്യന്‍ വ്യാപാരത്തേക്കാള്‍ വലിയ തുകയാണ്. റഷ്യയില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയില്‍ ഇ.യു. 2024-ല്‍ 16.5 ദശലക്ഷം ടണ്‍ ആയത് റെക്കോഡിട്ടു. എണ്ണ അല്ലാതെ മറ്റു നിരവധി റഷ്യന്‍ ഉല്‍പ്പന്നങ്ങളും യൂറോപ്പ് വാങ്ങുന്നുണ്ട്. ഇവരോടൊന്നും അമേരിക്കക്ക് നീരസമില്ലെന്നത് അടിവരയിടേണ്ടതാണ്. ഇപ്പോൾ ഇന്ത്യയ്ക്ക് മേൽ ഉപരോധം ചുമത്തുന്ന അമേരിക്ക തന്നെ ആഗോള ഊര്‍ജവിപണിയെ ശക്തിപ്പെടുത്തുന്നതിന് റഷ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ അതൊക്കെ ഇപ്പം മറന്ന മട്ടാണ്. ഇതിലെ ഏറ്റവും തമാശ, അമേരിക്ക തന്നെ റഷ്യൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട് എന്നതാണ്, ആണവവ്യവസായത്തിനു വേണ്ട യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ്, വൈദ്യുതവാഹന വ്യവസായത്തിനായി പലേഡിയം എന്നിവ കൂടാതെ രാസവളങ്ങളും രാസവസ്തുക്കളും റഷ്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ അമേരിക്കന്‍ ഇരട്ടത്താപ്പ് തുറന്ന് കാട്ടുന്നത് അവരുടെ സ്വാര്‍ത്ഥത മാത്രമാണെന്ന് വ്യക്തമാണ്.
ആഗസ്ത് ഒമ്പതിനകം റഷ്യ, യുക്രെയിനുമായി സമാധാനക്കരാറുണ്ടാക്കിയില്ലെങ്കില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം അധികത്തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രംപിന്റെ ഭീഷണിക്ക് മറുപടിയായി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് പെട്രോളിയം വാങ്ങുന്നതിനു പിന്നിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചിരുന്നു. യുക്രെയിന്‍ യുദ്ധം ആരംഭിച്ചശേഷം പരമ്പരാഗതമായ എണ്ണവിതരണ ശൃംഖലകള്‍ യൂറോപ്പിലേക്കു മാറി. അതിനാൽ സാമ്പത്തിക സുരക്ഷയും രാജ്യതാല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ ഇന്ത്യ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മറുപടി.
തിരിച്ചടി അമേരിക്കക്ക്
ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആറര മുതല്‍ ഏഴുശതമാനം വരെ വളരുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത് അതിനാല്‍ അമേരിക്കയുടെ അധികത്തീരുവകള്‍ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് നിരവധി സാമ്പത്തിക വിശകലനങ്ങള്‍. ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളും.
അതേസമയം ഈ അധികത്തീരുവ ഇന്ത്യയെക്കാള്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ ആണ് തകിടം മറിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നടപടി അമേരിക്കയുടെ ജിഡിപിയില്‍ വലിയ കുറവുണ്ടാക്കുകയും പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ഡോളറിന്റെ മൂല്യം കുറയ്ക്കുകയും ചെയ്യു. സാധാരണ അമേരിക്കന്‍ കുടുംബങ്ങളിലെ സാമ്പത്തിക ബാധ്യത കാര്യമായി കൂട്ടും. അമേരിക്കയില്‍ മരുന്നുക്ഷാമവും മരുന്നുവില വര്‍ദ്ധനവും ഉണ്ടാകാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കാരണം അമേരിക്കയ്ക്ക് ആവശ്യമായ മരുന്നുകളുടെ 47 ശതമാനം ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. അതേസമയം, അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞേക്കാം. പക്ഷേ,കയറ്റുമതി കമ്പോളങ്ങളെ വൈവിധ്യവല്‍ക്കരിച്ചതിനാല്‍ ഇന്ത്യയിലെ പ്രത്യാഘാതം കുറയുമെന്നും വിലയിരുത്തുന്നു



