50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്

ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്തി, മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

‘നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ഉപരോധങ്ങള്‍ നിങ്ങള്‍ കാണും’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു.

ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കംകൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും.

Scroll to Top