സുരേഷ് ഗോപിയുടെ വിജയം കൃത്രിമം, 50,000ൽ പരം വ്യാജ വോട്ടുകൾ ചേർത്തു’; കെ മുരളീധരൻ

തൃശൂരില്‍ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നത് നേരത്തെ ഉന്നയിച്ചതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ മുരളീധരൻ. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടതായി മുരളീധരൻ ആരോപിച്ചു. ഒരു എക്‌സിറ്റ് പോളിലും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. എന്നാൽ ബിജെപി വിജയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തലയ്ക്ക് വെളിവില്ലാത്ത വിദ്വാൻ അമേരിക്കൻ പ്രസിഡന്റ് ആയി എന്നായിരുന്നു ഇറക്കുമതി തീരുവ വിഷയത്തിൽ മുരളീധരന്റെ പ്രതികരണം. മോദിയും ട്രംപും ഒരേ തൂവൽ പക്ഷികളാണ്. നരേന്ദ്ര മോദിക്ക് ട്രംപിനോട് മൗനവും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട നെഹ്‌റുവിനോട് വിദ്വേഷവുമാണ്. അമേരിക്കയുടെ തെറ്റായ നയങ്ങൾക്കെതിരെ അനങ്ങാതെ നിൽക്കുന്ന മോദി സർക്കാരിന് എതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

Scroll to Top