
പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി 11.15ന് തലശ്ശേരി പൊലീസാണ് കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും സുഹൃത്തുക്കൾക്കുമെതി കേസ് റജിസ്റ്റർ ചെയ്തത്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്, എന്നാൽ കഴിഞ്ഞ ദിവസം സ്വമേധയാ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നൽകിയ അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചാണ് അബ്കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തതെന്ന് തലശ്ശേരി പൊലീസ് എഫ്ഐആറിൽ പറയുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞുവരുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ വിചാരണയ്ക്കായി ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി നടപടികൾക്കു ശേഷം തിരിച്ചുപോകവെ വൈകുന്നേരം 4 മണിയോടെ കോടതിക്കു സമീപത്തുള്ള വിക്ടോറിയ ഹോട്ടലിൽ പ്രതികൾ എത്തി. പൊലീസുകാരുടെ നിരീക്ഷണത്തിൽ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ കാർ പാർക്കിങ് ഏരിയയിൽ വച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായെന്നും എഎഫ്ഐആറിൽ പറയുന്നു.



