ട്രംപിന്റെ തീരുവനയം ‘ചീട്ടുകൊട്ടാരം’, വൈകാതെ തകര്‍ന്നുവീഴും യുഎസ് സാമ്പത്തികവിദഗ്ധന്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവനയം അസംബന്ധവും ഒരു തരത്തിലും നേട്ടമുണ്ടാക്കാത്തതുമാണെന്നും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലാ അധ്യാപകനുമായ സ്റ്റീവ് ഹാന്‍കെ.
ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മറ്റുരാജ്യങ്ങളുമായി വ്യാപാരയുദ്ധത്തിന് തുനിഞ്ഞ് ട്രംപ് അമേരിക്കയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ മേലുള്ള തീരുവ 50 ശതമാനമാക്കി ട്രംപ് വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഹാന്‍കെയുടെ പ്രതികരണം. ട്രംപിന്റെ ‘ചീട്ടുകൊട്ടാരം’ താമസിയാതെ തകര്‍ന്നുവീഴുമെന്നാണ് ഞാന്‍ കരുതുന്നത്. ട്രംപിന്റെ തീരുവകളുണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ തീവ്രത നാമമാത്രമാണ്”, ഹാന്‍കെ കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കാര്‍ ചെലവഴിക്കുന്നത് മൊത്തം ദേശീയ വരുമാനത്തേത്തേക്കാള്‍ അധികമായതിനാല്‍ യുഎസിന് ഭീമമായ വ്യാപാര കമ്മിയാണുള്ളതെന്നും അതിനാല്‍ത്തന്നെ ട്രംപിന്റെ തീരുവനയം ഉള്‍പ്പെടെയുള്ള സാമ്പത്തികനയം മൊത്തം അബദ്ധമാണെന്നും ഹാന്‍കെ പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നതിലുള്ള പ്രതിഷേധസൂചകമായാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് മേല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം തീരുവ 50 ശതമാനമായി ട്രംപ് ഉയര്‍ത്തിയത്. ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍സ്, മറൈന്‍, ലെതര്‍ തുടങ്ങിയ മേഖലകളെ തീരുവവര്‍ധനവ് ബാധിക്കും. ട്രംപിന്റെ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ട്രംപിന്റെ വിരട്ടലില്‍ ഇന്ത്യ ഒരിക്കലും തളരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുകയും ചെയ്തു

 

Scroll to Top