മലപ്പുറത്ത് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ ട്വിസ്റ്റ്; വീട്ടുടമ അറസ്റ്റില്‍; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്ക വസ്തുക്കള്‍.

മലപ്പുറം: മലപ്പുറം തിരൂരില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ച സംഭവത്തില്‍ വീട്ടുടമയെ അറസ്റ്റ് ചെയ്തു. വീട്ടുടമസ്ഥനായ തിരൂര്‍ തെക്കന്‍ കുറ്റൂര്‍ മുക്കിലപ്പീടിക അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ധീഖിനെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിനകത്ത് സുരക്ഷയും ലൈസന്‍സും ഇല്ലാതെ പടക്ക വസ്തുക്കള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് അബൂബക്കര്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനമുണ്ടായതും വീട് കത്തിനശിച്ചതും പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചത് മൂലമല്ലെന്നും പടക്ക വസ്തുക്കളിലേക്ക് തീ പടര്‍ന്നാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ വീട് കത്തിനശിച്ചത്. സംഭവസമയം വീട്ടിനകത്ത് ആരുമില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായിരുന്നു. വീട്ടിനകത്ത് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ടത് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നായിരുന്നു അബൂബക്കര്‍ സിദ്ദിഖ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, വീട്ടിനകത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. തീയുണ്ടായത് പവര്‍ ബാങ്കില്‍ നിന്നാണെങ്കിലും സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത് പടക്കങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയതോടെയാണ് അനധികൃതമായി ഇവ സൂക്ഷിച്ചതിന് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്.

വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും അലമാരയില്‍ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വാടക വീട്ടിലായിരുന്ന സിദ്ധീഖും ഭാര്യ അഫ്സിതയും മക്കളായ ഫാത്വിമ റബീഅ, ലഹ്സ ഫാത്വിമ എന്നിവരും ആറ് വര്‍ഷം മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറിയത്. ഓലമേഞ്ഞ വീടിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റും വിരിച്ചിരുന്നു. ഓട്ടോ ഡ്രൈവറായ സിദ്ധീഖും കുടുംബവും വര്‍ഷങ്ങളായി പുതിയ വീടിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

 

 

Scroll to Top