വിശ്വാസ്യത തകര്‍ന്ന്, ഒറ്റപ്പെട്ട് ഇസ്രായേല്‍; ഗസ്സ ഏറ്റെടുക്കല്‍ പദ്ധതിയില്‍ നെതന്യാഹുവിന് തിരിച്ചടി; നിലപാട് കടുപ്പിച്ച് അറബ്-ഇസ്ലാമിക് രാഷ്ട്രങ്ങള്‍

കൊടും പട്ടിണിയിലും, ദുരിതത്തിന്റെ അങ്ങേത്തല താണ്ടുന്നവരുമായ ഒരു ജനതയുടെ മേല്‍ അപ്രമാദിത്വം തീര്‍ക്കാനുള്ള ഒരു പദ്ധതിയാണ് ഇസ്രായേല്‍ കാബിനറ്റ് കഴിഞ്ഞ ദിവസം കൈക്കൊണ്ട ഗസ്സ ഏറ്റെടുക്കല്‍ പദ്ധതി. ഗസ്സ നഗരത്തെ ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുന്നതിനുള്ള പദ്ധതിക്ക് വെള്ളിയാഴ്ച ചേര്‍ന്ന ഇസ്രായേല്‍ കാബിനറ്റാണ് അനുമതി നല്‍കിയത്. എന്നാല്‍, ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടമാണ് ഫലസ്തീനികളെയും ഹമാസ് തടവിലുള്ള ഇസ്രായേല്‍ ബന്ദികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയത്. അതോടൊപ്പം ഫലസ്തീനികളുടെ ചെറുത്തുനില്‍പിനെ അഭിമാനത്തോടെ നോക്കിക്കാണുന്ന ലോകരാഷ്ട്രങ്ങളെയും ഇസ്രായേലിന്റെ ഈ നീക്കം ആശങ്കപ്പെടുത്തി. മനുഷ്യത്വത്തിനുള്ള മഹാദുരന്തമായിരിക്കും ഗസ്സ ഏറ്റെടുക്കലെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇതിനെ വിമര്‍ശിച്ചത്. യു.കെ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഗ്രീസ്, സ്ലോവേന്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. ഒപ്പം ഈ കൂട്ടായ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് ഓസ്‌ട്രേലിയ, ജര്‍മനി, ഇറ്റലി, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയും പുറത്തിറക്കി. മനുഷ്യത്വത്തിന്റെ മഹാദുരന്തമായ ഗസ്സയുടെ സ്ഥിതി, ഇപ്പോഴത്തേതിനേക്കാള്‍ വഷളാക്കുന്ന ഈ നീക്കത്തെ ശക്തമായി തള്ളിക്കളയുന്നുവെന്നായിരുന്നു സംയുക്ത പ്രസ്താവന.

ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനുള്ള ഏക ആഗോള പിന്തുണക്കാരായ അമേരിക്ക പോലും ഇസ്രായേലിന്റെ ഈ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടു. ഇസ്രായേലും പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും ലോക സമൂഹത്തിനു മുന്നില്‍ വിശ്വാസ്യത തകര്‍ന്നവരായി. ഇതോടെ പദ്ധതി ലഘൂകരിച്ച് തലയൂരാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും ഇസ്രായേലിന്റെ വിശ്വാസ്യത പ്രതിസന്ധിയിലായി. ഗസ്സയെ അധിനിവേശപ്പെടുത്തി കയ്യടക്കാന്‍ ഇല്ലെന്നും ഹമാസിന്റെ പിടിയില്‍ നിന്ന് ഗസ്സയെ മോചിപ്പിച്ച് സമാധാന പൂര്‍ണമായ പൗരഭരണകൂടം സൃഷ്ടിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നായിരുന്നു നെതന്യാഹു തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്. ഗസ്സയിലെ ഏതു തരത്തിലുള്ള സൈനിക നീക്കവും അവസാനിപ്പിച്ച് ഗസ്സയെ സ്വതന്ത്രമാക്കുക എന്ന് നെതന്യാഹു പറയുന്നതിലൂടെ ഹമാസിനെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്ന് വ്യക്തം.

അതിനിടെ അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ പങ്കെടുത്ത അറബ് രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളും ഇസ്രായേലിന്റെ നീക്കത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ശക്തമായ പ്രതിഷേധമാണ് അറബ് ഇസ്ലാമിക് ഉച്ചകോടിയില്‍ ഉയര്‍ന്നത്. ബഹ്‌റൈന്‍, ഈജിപ്ത്, ഇന്തൊനേഷ്യ, ജോര്‍ദാന്‍, നൈജീരിയ, ഫലസ്തീന്‍, ഖത്തര്‍, സൗദി, തുര്‍ക്കി, ബംഗ്ലാദേശ്, റിപ്പബ്ലിക് ഓഫ് ചാഡ്, ജിബൂട്ടി, ഗാംബിയ, കുവൈത്ത്, ലിബിയ, മലേഷ്യ, മൗറീഷ്യസ്, ഒമാന്‍, പാകിസ്ഥാന്‍, സൊമാലിയ, സുഡാന്‍, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങളും ദ ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍ എന്നിവര്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചു. ഗസ്സയിലെ പാവം മനുഷ്യര്‍ക്കു മേലുള്ള ഇസ്രായേലിന്റെ കടന്നു കയറ്റം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന ശക്തമായ നിലപാടാണ് രാജ്യങ്ങള്‍ സ്വീകരിച്ചത്. രാജ്യാന്തര മര്യാദകള്‍ അപ്പാടെ ലംഘിച്ച ഇസ്രായേല്‍, പാവപ്പെട്ട മനുഷ്യരെ പട്ടിണിക്കിട്ടും ക്രൂരമായി കൊലപ്പെടുത്തിയും മാനവികതയ്ക്കു നേരെയുള്ള കുറ്റകൃത്യമാണ് നടത്തുന്നതെന്ന് അറബ് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇസ്രായേല്‍ ക്രൂരതയുടെ അവസാന ഉദാഹരണമാണ് ഈ ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കലും പിടിച്ചടക്കലുമെന്നാണ് അറബ് രാഷ്ട്രങ്ങള്‍ പറയുന്നത്.

ഗസ്സയിലെ സമാധാനത്തിന് നാലിന നിര്‍ദേശങ്ങളും അറബ് ഇസ്ലാമിക് ഉച്ചകോടി മുന്നോട്ട് വച്ചിട്ടുണ്ട്. ഗസ്സ അധിനിവേശത്തിനുള്ള നീക്കം അവസാനിപ്പിച്ച്, ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളില്‍ മനുഷ്യര്‍ക്കു നേരെ നടത്തുന്ന എല്ലാ അതിക്രമങ്ങളും ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നതാണേ് അതില്‍ ആദ്യത്തേത്. ഗസ്സയിലേക്ക് ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനും രാജ്യാന്തര സന്നദ്ധ സംഘത്തിനു അനുവാദം നല്‍കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സ പുനര്‍നിര്‍മാണത്തിനുള്ള അറബ് ഇസ്ലാമിക് പുനര്‍ നിര്‍മാണ പദ്ധതി അടിയന്തിരമായി നടപ്പിലാക്കണമെന്നും ഗസ്സ ജനതയെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തള്ളിക്കളയുന്നതായും പ്രഖ്യാപിച്ച ഉച്ചകോടി, പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ദ്വിരാഷ്ട്ര സ്ഥാപനം, കിഴക്കന്‍ ജറുസലം തലസ്ഥാനമായി പലസ്തീന്‍ രാജ്യം നിലവില്‍ വരണം എന്നീ നിര്‍ദേശങ്ങള്‍ കൂടി മുന്നോട്ട് വച്ചിട്ടുണ്ട്.

അതിനിടയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുക കൂടി ചെയ്തിട്ടുണ്ട്. അല്‍ജസീറ കറസ്‌പോണ്ടന്റുമാരായ അനസ് അല്‍ ഷെരീഫ് അടക്കം അഞ്ചുപേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം ഇസ്രായേല്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീനികള്‍ക്കായി ശബ്ദിച്ചതിന്റെ പേരില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന്റെ ശേഷിപ്പാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് അനസ് അല്‍ ഷരീഫ് അയച്ച ഒരു സന്ദേശം അതിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ഈ സന്ദേശം അല്‍ ജസീറ പങ്കുവയ്ക്കുകയും .ചെയ്തു. അതില്‍ പറയുന്നത് ഇപ്രകാരമാണ്. ഇതെന്റെ ഒസ്യത്തും എന്റെ അവസാനത്തെ സന്ദേശവുമാണ്. ഈ സന്ദേശം നിങ്ങളിലെത്തുന്നതോടെ നിങ്ങള്‍ മനസ്സിലാക്കണം, എന്നെ കൊലപ്പെടുത്തി നിശ്ശബ്ദനാക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചിരിക്കുന്നു. സമാധാനം പുലര്‍ത്തുക, ദൈവം എല്ലാം കാണുന്നുണ്ട്. അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുക.

 

ഇസ്രായേല്‍ എപ്പോഴും സ്വയം അവകാശപ്പെടുന്നത് അവര്‍ അന്താരാഷ്ട്ര നിയമങ്ങളും യുദ്ധനിയമങ്ങളും പാലിക്കുന്ന ഒരു ജനാധിപത്യ രാജ്യമാണെന്നാണ്. എന്നാല്‍, അവസാനമായി നടന്ന ഗസ്സ അധിനിവേശത്തിലൂടെ വലിയ രീതിയില്‍ അവരുടെ വിശ്വാസ്യത തകര്‍ന്നിട്ടുണ്ട്. ഗസ്സയിലെ വര്‍ധിച്ചു വരുന്ന കൊടുംപട്ടിണി, ഇസ്രായേലിന്റെ അടിച്ചമര്‍ത്തല്‍ നടപടി, ഇങ്ങനെ ഇസ്രായേലിന്റെ അന്താരാഷ്ട്ര വിശ്വാസ്യതയ്‌ക്കേറ്റ ഗുരുതര പ്രതിസന്ധിയില്‍ നിന്ന് അടുത്ത കാലത്തൊന്നും കരകയറാന്‍ ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രത്തിന് കഴിഞ്ഞെന്നു വരില്ല. ഇതിനെല്ലാം പുറമേയാണ് നെതന്യാഹുനും മുന്‍ ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. അതും ഡെമോക്ലീസിന്റെ വാള്‍ പോലെ നെതന്യാഹുവിനും ഗാലന്റിനും മുകളില്‍ തൂങ്ങിക്കിടപ്പുണ്ട്. പരമ്പരാഗതമായി ഇസ്രായേലിനെ പിന്തുണയ്ക്കുന്നവര്‍ പോലും നിലവിലെ ഇസ്രായേല്‍ നടപടികളെ കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തിയതായി നിരവധി അന്താരാഷ്ട്ര നിയമ വിദഗ്ധരും വംശഹത്യാ വിശകലന പണ്ഡിതരും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിക്കണമെന്ന് ഇസ്രായേലിന്റെ ഏക ആഗോള പിന്തുണക്കാരായ അമേരിക്കയോടും നൂറുകണക്കിന് വിരമിച്ച ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ ഫ്രാന്‍സ് നടത്തിയ ഫലസ്തീന്‍ രാഷ്ട്ര അംഗീകാരം എന്ന പ്രഖ്യാപനം ലോകതലത്തില്‍ തന്നെ വലിയ ശ്രദ്ധ ആകര്‍ഷിക്കുകയും ഒരു സുപ്രധാന ചുവട് വയ്പ്പായി മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സമാനമായ പ്രഖ്യാപനങ്ങളും പ്രതിജ്ഞയും ഉണ്ടായി. കാനഡയും യുകെയും ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വരുന്ന സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ആസ്‌ത്രേലിയയും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തുര്‍ക്കിയും ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്തിരുന്നു.

ഇസ്രായേലിന് ഇപ്പോഴും അതിശക്തമായ പിന്തുണ ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ഈ വിവാദങ്ങളെല്ലാം നടക്കുന്നതിനിടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഗസ്സയെ ഏറ്റെടുക്കുന്നതും ബന്ദികളെ വിട്ടയയ്ക്കുന്നതും അടക്കമുള്ള കാര്യങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഒപ്പം അമേരിക്ക നല്‍കുന്ന ആഴത്തിലുള്ള പിന്തുണയ്ക്ക് നെതന്യാഹു നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ പരമാധികാരം, സുരക്ഷ, വികസനം എന്നിവയെല്ലാം ഇപ്പോള്‍ അമേരിക്കയുടെ പിന്തുണയെ ആശ്രയിച്ചാണ്. യു.എസ് സഹായമില്ലായിരുന്നെങ്കില്‍, പതിറ്റാണ്ടുകള്‍ മുന്‍പ് തന്നെ ഇസ്രായേല്‍ വിറക്കുമായിരുന്നു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രായേലിനെ വിമര്‍ശിക്കുമ്പോഴും എതിര്‍ക്കുമ്പോഴും അമേരിക്ക തുടരുന്ന പിന്തുണയ്‌ക്കെതിരെ അമേരിക്കന്‍ വോട്ടര്‍മാരില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളും ചോദ്യശരങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ടെന്നതും കാണാതെ പോകരുത്.

Scroll to Top