
ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ ഒരു സ്ത്രീയുടെ പുറകിലാണ്. ആരാണെന്നല്ലേ പറയാം. അടുത്തിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യു.കെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മോദിക്കു പിന്നില്‍ സ്യൂട്ട് ധരിച്ച് അക്ഷോഭ്യയായി, ശാന്തയായി, അധികാരഭാവത്തോടെ നില്‍ക്കുന്ന ഒരു സ്ത്രീയെ മാധ്യമങ്ങളും പൊതുജനങ്ങളും ഒരുപോലെ ശ്രദ്ധിച്ചത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ആളെ കണ്ടെത്തി. മണിപ്പൂരില്‍ നിന്നുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗം അദാസോ കപേസയാണ് അത്. രാജ്യത്തെ ഏറ്റവും ഉന്നതമായ സുരക്ഷാ സേനയായ എസ്പിജിയില്‍ ചേരുന്ന മണിപ്പൂരില്‍ നിന്നുള്ള ആദ്യത്തെ വനിതയാണ് അദാസോ കപേസ. എസ്പിജിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതയായി ചരിത്രം കുറിച്ച അദാസോ കപേസ, ദേശീയ സുരക്ഷയുടെയും ഒപ്പം ഇന്ത്യന്‍ ജനതയുടെയും ഹൃദയത്തിലേക്ക് കൂടി ചുവട് വച്ചിരിക്കുകയാണ്.
മണിപ്പൂരിലെ സേനാപതി ജില്ലയിലെ കായ്ബി ഗ്രാമമാണ് അദാസോയുടെ സ്വദേശം. ഭൂമിശാസ്ത്ര പരമായി കായ്ബിഗ്രാമത്തിന് ഏറെ പ്രത്യേകതകളുണ്ട്. സങ്കീര്‍ണവും ദുര്‍ഘടവുമായ ഭൂപ്രദേശങ്ങള്‍. ഒപ്പം, പരിമിതമായ വിഭവങ്ങള്‍. ഇതുകൊണ്ടൊക്കെ തന്നെ കായ്ബി എപ്പോഴും പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ കപേസയുടെ ജീവിതവും ദുര്‍ഘടമായിരുന്നു. പരിമിതമായ സാഹചര്യത്തിലായിരുന്നു അദാസോ കപേസയുടെ ജന്‍മവും ജീവിതവും. എന്നാല്‍, പോലും അവളുടെ സ്വപ്‌നങ്ങള്‍ നിറമുള്ളതായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അദാസോ വലിയ വലിയ സ്വപ്‌നങ്ങള്‍ കണ്ടു. ഒരു പൊലീസുകാരിയാകുക എന്നതായിരുന്നു സ്‌കൂള്‍ പഠനകാലം മുതല്‍ അദാസോ കപേസയുടെ സ്വപ്നം. ഒടുവില്‍ അവള്‍ തന്റെ സ്വപ്‌നം കയ്യെത്തിപ്പിടിച്ചു. സമൂഹത്തിന് അവള്‍ കരുത്തിന്റെ, ശക്തിയുടെ പ്രതീകവും പ്രചോദനവുമായി. ചെറുപ്പക്കാരികളായ, ഉന്നതങ്ങള്‍ സ്വപ്‌നം കാണുന്ന യുവതികള്‍ക്കൊരു വഴികാട്ടിയായി. നിങ്ങള്‍ സ്വപ്‌നം കാണൂ, ഈ ലോകം മുഴുവന്‍ അത് നടത്താന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും എന്ന വാക്കുകള്‍ അന്വര്‍ത്ഥമാകുന്നു, അദാസോ കപേസയുടെ ജീവിതത്തിലൂടെ.
കായ്ബി ഗ്രാമത്തിലെ സാധാരണ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അദാസോയുടെ മനസ്സില്‍ പൊലീസ് ഒരു സ്വപ്‌നമായിരുന്നു. അങ്ങനെയാണ് അവര്‍, വിദ്യാഭ്യാസ കാലത്തിനു ശേഷം സശസ്ത്ര സീമാ ബെല്ലില്‍ ചേരുന്നത്. അതൊരു തുടക്കമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ സശസ്ത്ര സീമാ ബെല്ലിന്റെ ഉത്തരാഖണ്ഡിലെ പിത്തോറഗഢിലെ 55-ാമത് ബറ്റാലിയനിലായിരുന്നു അദാസോ പരിശീലനം ആരംഭിച്ചത്. എസ്എസ്ബിയിലെ ചിട്ടയായ പരിശീലനം, അദാസോയുടെ മികവാര്‍ന്ന പ്രകടനവും അച്ചടക്കവും പ്രതിരോധശേഷിയും, അര്‍പ്പണബോധവും അദാസോയെ അധികാരികളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥയാക്കി. ഇതെല്ലാം തന്നെയാണ് രാജ്യത്തെ തന്നെ ഏറ്റവും ഉന്നതമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്ന എസ്പിജിയിലേക്ക് അദാസോ കപേസയെ എത്തിച്ചതും ഒടുവില്‍ പ്രധാനമന്ത്രിയുടെ സുപ്രധാന സുരക്ഷാ സംഘത്തിലേക്കും അദാസോയെ കൈപിടിച്ചതും ഈ അര്‍പ്പണ ബോധവും അച്ചടക്കവും ആത്മാര്‍ത്ഥതയും ഒക്കെ തന്നെയായിരുന്നു.

എസ്പിജിയിലേക്കുള്ള അദാസോയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കഠിനമായ ശാരീരിക മാനസിക പരീക്ഷണങ്ങളാണ് എസ്പിജിയിലേക്ക് ഒരു കമാന്‍ഡോയെ എത്തിക്കുന്നത്. കഠിനമായ ആയുധ പരിശീലനം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, ബോംബ് നിര്‍വീര്യമാക്കല്‍, രഹസ്യ ദൗത്യങ്ങള്‍ ഏറ്റെടുക്കാനുള്ള പരിശീലനം എന്നിവയിലെല്ലാം അതിവിദഗ്ധമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കാതെ എസ്പിജിയിലേക്ക് സെലക്ഷന്‍ പ്രയാസമാണെന്നിരിക്കെ അവയെല്ലാം വിജയകരമയി പൂര്‍ത്തിയാക്കിയാണ് 2020ല്‍ കപേസ എസ്പിജി പരിശീലനം പൂര്‍ത്തിയാക്കി എസ്പിജി കമാന്‍ഡോ ആയി ചുമതല ഏല്‍ക്കുന്നതും 2024-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംഘത്തിലേക്ക് എത്തുന്നതും. അങ്ങനെ രാജ്യത്തെ ഏറ്റവും പുരുഷ കേന്ദ്രീകൃതമായ ഒരു സംഘത്തിലെ വനിതാ സാന്നിധ്യത്തിന് ഉത്തമ ഉദാഹരണമായി അദാസോ കപേസ.
കാലങ്ങളായി പുരുഷ കേന്ദ്രീകൃതമായ ഒരു സുരക്ഷാ സംഘമാണ് എസ്പിജി. അവിടെയാണ് അദാസോ കപേസയെ പോലെ, സാധാരണക്കാര്‍ വസിക്കുന്ന കായ്ബി പോലൊരു ഗ്രാമത്തില്‍ നിന്നെത്തിയ സാധാരണക്കാരിയായി വളര്‍ന്ന ഒരു സ്ത്രീ സ്വന്തം ഇടം സൃഷ്ടിക്കുന്നത്. അതൊരു ചരിത്രമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ പുരുഷ കേന്ദ്രീകൃത സംഘത്തിലേക്ക് എത്താനുള്ള എല്ലാവിധ തടസ്സങ്ങളും പ്രതിബന്ധങ്ങളും മറികടന്നുള്ള കപേസയുടെ പ്രയാണം മറ്റു സ്ത്രീകള്‍ക്ക് കൂടി ഒരു പ്രചോദനമാകും. അതുകൊണ്ട് എസ്പിജിയില്‍ ഒരു ചരിത്ര നിമിഷം എന്നതിനപ്പുറം സൈന്യത്തിലേക്കും അതുവഴി ഇന്ത്യയുടെ ഉന്നത സുരക്ഷാസംഘമായ എസ്പിജിയിലേക്കും കടന്നു വരാന്‍ നമ്മുടെ രാജ്യത്തെ കൂടുതല്‍ സ്ത്രീകള്‍ക്ക് ധൈര്യം പകരുക കൂടിയാണ് കപേസയുടെ ജീവിതം. ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള അദാസോ കപേസയുടെ ജീവിതം കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രചോദനമാകും.

സാമൂഹിക മാധ്യമങ്ങളില്‍ കപേസയുടെ ജീവിതം വളരെ വലിയ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള വഴികാട്ടിയായും പ്രചോദനവും പ്രതീകവുമായാണ് നെറ്റിസണ്‍സ് അദാസോയെ വിശേഷിപ്പിക്കുന്നത്. മണിപ്പൂരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാവല്‍ക്കാരി വരെയുള്ള കപേസയുടെ കപേസയുടെ യാത്ര, സാമൂഹിക അസംതുലിതാവസ്ഥ, ലിംഗസമത്വം, ശാക്തീകരണം എന്നിവയ്‌ക്കൊക്കെയുള്ള ഒരു സുപ്രധാന അടയാളപ്പെടുത്തലും ഓര്‍മപ്പെടുത്തലുമാണ്. പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് കപേസ തീര്‍ച്ചയായും പ്രചോദനമാണ്. കഠിനാധ്വാനം, ദൃഢനിശ്ചയം, വൈദഗ്ദ്ധ്യം എന്നിവയുണ്ടെങ്കില്‍, വ്യവസ്ഥാപരമായ തടസ്സങ്ങളെ മറികടക്കാനും അസാധ്യമെന്ന് തോന്നുന്നത് നേടാനും കഴിയുമെന്ന് കപേസയുടെ ജീവിതകഥ തെളിയിക്കുന്നു. ദേശീയ സുരക്ഷയുടെ മുന്‍നിരയിലേക്കുള്ള അവരുടെ യാത്ര ഒരു വ്യക്തിപരമായ വിജയം മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ഒരു ദീപശിഖ കൂടിയാകും. ഒരു സുപ്രധാന അന്താരാഷ്ട്ര പരിപാടിക്കിടെ പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് കപേസയുടെ സാന്നിധ്യം ഒരു പ്രതീകം മാത്രമല്ല, തന്ത്രപരവും ചരിത്രപരവുമാകുന്നു.



