
ഹൈദരാബാദ്: കുട്ടികള്‍ക്കൊപ്പം കഴിക്കുന്നതിനായി വീട്ടമ്മ വാങ്ങിയ പഫ്‌സിനുള്ളില്‍ നിന്ന് ചത്ത ചെറിയ പാമ്പിനെ കിട്ടിയതായി കേസ്. തെലങ്കാന മഹ്ബൂബ നഗര്‍ സ്വദേശിനിയായ ശ്രീസൈല എന്ന വീട്ടമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ജഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സിനുള്ളിലാണ് പാമ്പിന്‍കുഞ്ഞിനെ കണ്ടതായി പറയപ്പെടുന്നത്. ഉടന്‍തന്നെ ബേക്കറിയില്‍ എത്തി പരാതിപ്പെട്ടെങ്കിലും ഉടമ നിരുത്തരവാദപരമായാണ് മറുപടി നല്‍കിയതെന്ന് പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് ശ്രീസൈല, ജഡ്ചര്‍ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മഹ്ബൂബനഗര്‍ ജില്ലയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്നു ഒരു മുട്ട പഫ്‌സും ഒരു കറി പഫ്‌സുമാണ് ശ്രീസൈല വാങ്ങിയിരുന്നത്. ഇതില്‍ കുട്ടികള്‍ക്കൊപ്പം കഴിക്കുന്നതിനായി കറി പഫ്‌സ് എടുത്ത് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ശ്രീസൈല ബേക്കറിയിലെത്തി പഫ്‌സ് കാണിച്ച് പരാതി നല്‍കിയെങ്കിലും ബേക്കറി ഉടമ നിരുത്തരവാദപരമായി പെരുമാറിയെന്നും പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് നല്‍കിയതെന്നുമാണ് പരാതി. ക്ഷുഭിതയായ യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം ജഡ്ചര്‍ല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ചിത്രത്തിന് കടപ്പാട്: X/ Telugu Scribe



