
കല്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നെന്ന മുന്‍കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് അനുരാഗ് താക്കൂറിന്റെ ആരോപണം പൊളിഞ്ഞു. ഒരാള്‍ക്ക് തന്നെ മൂന്ന് ബൂത്തുകളില്‍ വോട്ടുണ്ടെന്നും മൂന്നിടത്തും കള്ളവോട്ട് ചെയ്തെന്നുമായിരുന്നു താക്കൂറിന്റെ ആരോപണം. മൈമൂന എന്ന ഒരു വോട്ടറുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആരോപണം. എന്നാല്‍, വ്യാജ ആരോപണത്തിന് 24 മണിക്കൂറിന്റെ പോലും ആയുസ്സുണ്ടായില്ല. മൂന്ന് പഞ്ചായത്തുകളിലും വോട്ടുള്ളത് മൂന്നു മൈമൂനമാര്ക്കാണെന്നും ഓരോരുത്തരും ഓരോ ബൂത്തുകളില്‍ മാത്രമാണ് വോട്ട് ചെയ്തതെന്നും തെളിഞ്ഞിരിക്കുകയാണ്.
ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് ബൂത്തുകളിലും വോട്ട് ചെയ്തത് മൂന്ന് പഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ്. അരീക്കോട്, കാവനൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരാണ് മൂന്നു മൈമൂൂനമാരും എന്ന് തെളിഞ്ഞു. അതായത് കാവനൂര്‍ പഞ്ചായത്തിലെ മൈമൂനക്ക് വോട്ടുള്ളത് 115 നമ്പര്‍ ബൂത്തിലാണ്, ക്രമനമ്പര്‍ 778. കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനക്ക് 152 നമ്പര്‍ ബൂത്തില്‍, 541 ക്രമനമ്പറില്‍ വോട്ട്. അരീക്കോട് പഞ്ചായത്തില്‍ താമസിക്കുന്ന മൈമൂനക്ക് വോട്ട് 135 നമ്പര്‍ ബൂത്തില്‍, 669 ക്രമനമ്പറില്‍ വോട്ട്.
ഇന്നലെ പവര്‍ പോയിന്റിന്റെ സഹായത്തോടെ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വയനാട്ടിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമ?ക്കേട് നടന്നതായി അനുരാഗ് താക്കൂര്‍ ആരോപിക്കുകയായിരുന്നു. മൈമൂന എന്ന വോട്ടര്‍ക്ക് മൂന്ന് ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണങ്ങളില്‍ ഒന്ന്. വയനാട് ലോക്സഭ മണ്ഡലത്തില്‍ 93,000 വോട്ടുകള്‍ കൃത്രിമമായി ചേര്‍ത്തുവെന്നും ബി.ജെ.പി നേതാവ് ആരോപിച്ചിരുന്നു. വ്യത്യസ്ത മതത്തിലുള്ളവര്‍ ഒരു വീട്ടില്‍ താമസിക്കുന്നുവെന്ന തരത്തിലായിരുന്നു വിലാസമെന്നും ആരോപണമുയര്‍ന്നിരുന്നു.



