
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നാൽപ്പതിലേറെ മരണം. രണ്ട് സിഐഎസ്എഫ് ജവാന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇരുന്നൂറിലേറെപ്പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതിലധികം പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനവും തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയി. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്രയുടെ ആരംഭിക്കുന്ന പ്രദേശമാണ് ചസോതി. തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം നല്കാന് വേണ്ടി ഒരുക്കിയിരുന്ന താല്‍ക്കാലിക ടെന്റുകളും മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയി.



