
79ാം സ്വാതന്ത്രദിനത്തിൽ വൻ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ നടത്തിയിരിക്കുന്നത്. 105 മിനിറ്റ് നീണ്ട പ്രധാനമന്ത്രിയായുള്ള അദ്ദേഹത്തിന്റെ ഏറ്റവുംനീണ്ട സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പാകിസ്ഥാനുള്ള ശക്തമായ താക്കീത് നൽകിയതും ശ്രദ്ധേയമായി.
ആണവഭീഷണി വിലപ്പോവില്ലെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്കിയ പ്രധാനമന്ത്രി മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണ്. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു.
2035-ഓടെ ഇന്ത്യയുടെ ദേശീയ സുരക്ഷ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നവീകരിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ‘സുദര്‍ശന ചക്ര ദൗത്യ പ്രഖ്യാപനം പ്രതിരോധ തന്ത്രങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ശത്രുക്കള്‍ക്ക് ശക്തമായും കൃത്യതയോടെയും തിരിച്ചടി നല്കാന് തദ്ദേശീയ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള പ്രതിരോധ സംരംഭമാണ് സുദര്‍ശന ചക്ര ദൗത്യം.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഇതൊക്കെയാണ്
ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം പ്രഖ്യാനങ്ങളിൽ പ്രധാനമെന്ന് പറയാം. ഇത് രാജ്യത്തെ നികുതിഭാരം കുറയ്ക്കുമെന്നാണ് അവകാശവാദം. യുവാക്കള്‍ക്കായുള്ള പുതിയ പദ്ധതി പ്രഖ്യാപനവും പ്രതീക്ഷയ്ക്കു വക നൽകുന്നവയാണ്. ഒരുലക്ഷം കോടി രൂപയുടെ പദ്ധതിക്ക് വീക്ഷിത് ഭാരത് റോസ്ഗര് യോജന എന്നാണ് പേര് നൽകിയത്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കരുതാം.
മെയ്ഡ് ഇൻ ഇന്ത്യയുടെ ശക്തി അടിവരയിടുന്നതാണ് പ്രസംഗത്തിലെ ഹൈലറ്റുകൾ. ഈ വര്‍ഷം അവസാനത്തോടെ മെയ്ഡ് ഇന്ത്യ സെമി കണ്ടക്ടര്‍ ചിപ്പുകള്‍ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ആഹ്വാനം ചെയ്തു, ഡിജിറ്റല്‍ കരുത്തിന്റെ അടയാളമായി ഇന്ത്യയുടെ യുപിഐ പ്ലാറ്റ്ഫോമുകളെ ഉയത്തിക്കാട്ടാനും അദ്ദേഹം മറന്നില്ല.
കോവിഡ് വാക്സിന് പ്ലാറ്റ്ഫോം തദ്ദേശീയമായിരിക്കണമെന്നതും തെളിയിച്ചെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി, ഇതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു പ്രഖ്യാപനമായി കരുതാവുന്നതാണ് ഇന്ത്യയും വൈകാതെ സ്വന്തം ബഹിരാകാശനിലയം സ്ഥാപിക്കുമെന്നതാണ്. ഇത് ശാസ്ത്രസാങ്കേതിക പ്രവർത്തനങ്ങളും ആധുനിക ടെക് വിപ്ലവങ്ങളെയും സമന്വയിപ്പിച്ചുള്ള വികസനമായി ശാസ്ത്രലോകം ഉറ്റുനോക്കുന്നു.
സിന്ധു നദീജല കരാര്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടായി രാജ്യത്തെ കര്‍ഷകര്‍ക്ക് സങ്കല്പ്പിക്കാനാത്ത നാശനഷ്ടങ്ങളുണ്ടാക്കിയതാണെന്നാണ് മോദിയുടെ വിലയിരുത്തൽ. ഇന്ത്യയില്‍നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജനം ശത്രുക്കളുടെ വയലുകളില്‍ ജലസേചനത്തിനായി ഉപയോഗിക്കുന്നത് എത്രമാത്രം അന്യായമാണെന്നും ഏകപക്ഷീയമാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായി.രാജ്യത്തെ കര്‍ഷകരും ഭൂമിയും വെള്ളമില്ലാതെ ദാഹിക്കുമ്പോഴാണിത്. ഇപ്പോള്‍ ആ വെള്ളത്തിന്റെ അവകാശം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മാത്രമാണ്. കർഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താൻ ഒരു മതിൽ പോലെ നിൽക്കും. ഇത് ചരിത്രം കുറിക്കാനുള്ള സമയമാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും പ്രസംഗത്തിൽ രേഖപ്പെടുത്തി. ഓഗസ്റ്റ് 6-ന് യുഎസ് പ്രസിഡന്റ് ഇന്ത്യക്കെതിരേ താരീഫ് യുദ്ധം ശക്തമാക്കിയിനെതിരായ നിലപാട് പ്രഖ്യാപനം കൂടിയായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചേർത്തു വായിക്കാം.
ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്ത ധീരരെ അഭിവാദ്യംചെയ്യാനും അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തി, ഏപ്രില്‍ 22-ന് ഭീകരര്‍ വീഴ്ത്തിയ ഇന്ത്യൻ ചോരയ്ക്ക് നമ്മുടെ ധീരരായ ജവാന്മാര് ശത്രുവിന് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷനല്കി. നമ്മുടെ സായുധസേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതോടെ അവര്‍ തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്റെ സമയവും തീരുമാനിച്ചു. പതിറ്റാണ്ടുകളായി ചെയ്യാത്തത് നമ്മുടെ സേനകള്‍ ചെയ്തു. ശത്രുവിന്റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം പ്രവേശിച്ച് ഭീകരരുടെ ആസ്ഥാനം തകര്‍ത്തു. ഇതിന് പാകിസ്താന് വലിയ വില കൊടുക്കേണ്ടി വന്നു.
ജമ്മുകശ്മീരിലും ഉത്തരാഖണ്ഡിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മോദി ദുഃഖം പങ്കുവെച്ചു.അതിനിടെ ആര്‍എസ്എസിനെ പുകഴ്ത്താനും പ്രധാനമന്ത്രി മറന്നില്ല. സ്വയംസേവകര്‍ നമ്മുടെ മാതൃരാജ്യത്തിന്റെ ക്ഷേമത്തിനായി അവരുടെ ജീവിതം സമര്‍പ്പിച്ചു. നൂറുവര്‍ഷത്തെ ചരിത്രമുള്ള, ലോകത്തിലെ ഏറ്റവും വലിയ എന്ജിഒയാണെന്നുമായിരുന്നു മോദി പ്രസംഗിച്ചത്



