
തിരുവനന്തപുരം : സുഭാഷ് ചന്ദ്രബോസിനെതിരെ വിവാദ പരാമര്‍ശവുമായി എസ്.സിഇആര്‍ടിയുടെ കൈപ്പുസ്തകം. സുഭാഷ് ചന്ദ്രബോസ് രാജ്യം വിട്ടത് ബ്രിട്ടനെ ഭയന്നാണെന്ന ഗുരുതര പിഴവാണ് എസ്.സി.ഇ.ആര്‍.ടി കൈപ്പുസ്തകത്തില്‍ വരുത്തിയിരിക്കുന്നത്. നാലാം ക്ലാസില്‍ പഠിപ്പിക്കാനായി അധ്യാപകര്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് വരുത്തിയിരിക്കുന്നത്. വിവാദമായതോടെ കൈപ്പുസ്തകം തിരുത്തി പുറത്തിറക്കി.

വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി അധ്യാപകര്‍ക്ക് നല്‍കുന്ന കൈപ്പുസ്തകത്തില്‍ സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള ഭാഗത്താണ് ഗുരുതര പിഴവ് വന്നിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മനിയിലേക്ക് സുഭാഷ് ചന്ദ്രബോസ് പലായനം ചെയ്‌തെന്നാണ് തെറ്റായ പരാമര്‍ശം. ഇതാണ് വിവാദത്തിനിടയാക്കിയത്. സംഭവം ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ അറിയിച്ചതനുസരിച്ച് തെറ്റ് തിരുത്തി പുസ്തകം പുറത്തിറക്കിയതായി എസ്.സിഇആര്‍ടി അറിയിച്ചു. എന്നാല്‍, ഭയന്ന് എന്നതിന് പകരം പലായനം എന്നാക്കിയാണ് തിരുത്തിയിരിക്കുന്നത്. പിഴവ് എങ്ങനെ പുസ്തകത്തില്‍ കയറിക്കൂടി എന്നത് സംബന്ധിച്ച് എസ്.സിഇആര്‍ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



