
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ആരെന്ന് നാളെ അറിയാം. നാലുപേരാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ ഉയര്‍ന്നു വന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണച്ചയാളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കും. കോയമ്പത്തൂര്‍ സ്വദേശിയായ ശാസ്ത്രജ്ഞന് എം.അണ്ണാദുരൈക്കാണ് സ്ഥാനാര്‍ത്ഥിത്വത്തിന് നറുക്ക് വീഴാന്‍ സാധ്യത. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേര്‍ത്ത നിര്‍ണായക യോഗത്തില്‍ അണ്ണാദുരൈ അടക്കം നാലുപേരുകള്‍ ഉയര്‍ന്നു വന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക്കാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.
തമിഴ്നാട്ടില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന. നാലുപേരില്‍ അണ്ണാദുരൈയുടെ പേര് ഭൂരിഭാഗം പേരും പിന്തുണച്ചതയാണ് വിവരം. കൂടിയാലോചനകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. യോഗത്തില്‍ പങ്കെടുക്കാത്ത പാര്‍ട്ടികളുടെ നേതാക്കളുമായി ഖാര്‍ഗെ ഫോണില്‍ സംസാരിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യാസഖ്യം എത്തുക. ശാസ്ത്രജ്ഞനായ മയില്‍സ്വാമി അണ്ണാദുരൈ കോയമ്പത്തൂര്‍ സ്വദേശിയാണ്. ചന്ദ്രയാന്‍ 1, 2 ദൗത്യങ്ങളില്‍ ഭാഗമായിട്ടുള്ള അണ്ണാദുരൈ കോയമ്പത്തൂര്‍ സ്വദേശിയാണ്. സ്ഥാനാര്‍ഥി തമിഴ്നാട്ടില്‍ നിന്ന് വേണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇനി ഉറ്റു നോക്കുന്നത് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ആര് എന്നാണ്. അതേസമയം, എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ സി പി രാധാകൃഷ്ണന് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ആര്‍എസ്എസ് താല്പര്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായതിനാല്‍ സാമൂഹിക രാഷ്ട്രീയ സാമുദായിക സമവാക്യം കൂടി ഉറപ്പുവരുത്തിയാണ് ബിജെപിയുടെ നീക്കം ഉണ്ടായത്.



