
റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയെ അധിക തീരുവയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.റഷ്യയില്‍ നിന്ന് വാങ്ങുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് ആഗോള വിപണിയില്‍ മറിച്ചുവില്‍ക്കുകയാണ് ചൈന ചെയ്തുവരുന്നതെന്നും ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന അധിക തീരുവ ആഗോള വിപണിയില്‍ എണ്ണ വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്നും റൂബിയോ പറഞ്ഞു. ഫോക്സ് ബിസിനസ്സിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വിശദീകരിച്ചത്.
ചൈനയുടെ മേല്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണ ശുദ്ധീകരിച്ച് ചൈന ആഗോള വിപണയിലെത്തിക്കുന്നു. ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തുന്ന തീരുവ വര്‍ധന സ്വാഭാവികമായും എണ്ണവിലയില്‍ പ്രതിഫലിക്കും. ചൈനയുടെ എണ്ണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും. റൂബിയോ വിശദീകരിച്ചു
ചൈനയ്ക്കെതിരെ അധിക തീരുവ ഉള്‍പ്പെടെയുള്ള നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചതായും റൂബിയോ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ആ വിഷയത്തെ കുറിച്ച് തനിക്ക് ആധികാരികമായ അറിവില്ലെന്നും എന്നാല്‍ ദ്വിതീയ തീരുവയ്ക്കുള്ള സാധ്യതയുണ്ടെന്നും റൂബിയോ മറുപടി നല്കി. യുറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മികച്ച രീതിയില്‍ മുന്നോട്ടുനീങ്ങണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



