ബില്ലുകളിലെ സമയപരിധി: രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം. രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രമമെന്നും കേരളത്തിനു വേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ പറഞ്ഞു. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്നാട് വിധി ന്യായം. എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു.

അതേസമയം, രാഷ്ട്രപതിയുടെ റഫറൻസ് നിയമപരമായി നിലനിൽക്കില്ലെന്നാണ് തമിഴ്നാടിന്റെ വാദം. രണ്ടംഗ ബെഞ്ചിന്റെ വിധിയെ റഫറൻസിലൂടെ പുനഃപരിശോധിക്കാനാകില്ല. അതിന് മറ്റു വഴികളാണ് നിയമത്തിലുള്ളതെന്നും തമിഴ്നാടിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അഭിഭാഷകനായ സിംഗ് വി ആണ് തമിഴ്നാടിന് വേണ്ടി വാദിക്കുന്നത്. ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധിയിൽ സുപ്രീം കോടതി ഇതിനോടകം തന്നെ തീരുമാനം എടുത്ത കാര്യങ്ങളിലാണ് വീണ്ടും വാദം കേൾക്കുന്നത്.

Scroll to Top