ഗസ്സയില്‍ സമ്പൂര്‍ണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ; യു.എന്‍ നടപടി പശ്ചിമേഷ്യയില്‍ ആദ്യം., ജനസംഖ്യയുടെ 54 ശതമാനവും കൊടിയ പട്ടിണിയില്‍

ഗസ്സ: ഗസ്സ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേല്‍ നീക്കങ്ങള്‍ക്കിടെ ഗസ്സയില്‍ സമ്പൂര്‍ണ ക്ഷാമം പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ. ആഗോളതലത്തില്‍ പട്ടിണിയും ഭക്ഷ്യസുരക്ഷയും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷമനാണ് ഗസ്സ സിറ്റി മേഖലയിലും പരിസരങ്ങളിലും സമ്പൂര്‍ണ ക്ഷാമം പ്രഖ്യപിച്ചത്. ഗസ്സയിലെ ജനസംഖ്യയുടെ 54 ശതമാനവും കൊടിയ പട്ടിണിയിലാണെന്ന് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏകദേശം 1.07 ദശലക്ഷം ഗാസ നിവാസികള്‍ ഒരുനേരം പോലെ ആഹാരം കഴിക്കാനാവാത്ത സ്ഥിതിയിലാണ്. ജനസംഖ്യയുടെ 20 ശതമാനത്തിന് മാത്രമാണ് ഒരുനേരമെങ്കിലും ഭക്ഷണം ലഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പട്ടിണി ദാരിദ്ര്യ മരണനിരക്കുകള്‍ കണക്കിലെടുത്ത് ക്ഷാമത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കായ അഞ്ചാം ഘട്ടത്തിലാണ് ഗസ്സയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ അവസാനത്തോടെ മധ്യ ഗസ്സയിലെ ഡെയര്‍ എല്‍ ബലാഹ്, ദക്ഷിണ ഗസ്സയിലെ ഖാന്‍ യൂനുസ് എന്നിവിടങ്ങളിലേക്കും ക്ഷാമം വ്യാപിക്കും. ഇവിടങ്ങളില്‍ അഞ്ചുലക്ഷത്തോളം ആളുകള്‍ ക്ഷാമവും പട്ടിണിയും അനുഭവിക്കുന്നവരാകുമെന്നും ഐപിസിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഗസ്സയിലെ ക്ഷാമത്തിന് ഉടനടി പരിഹാരം ഉണ്ടാകണം. ഇതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്നും ഐപിസിയുടെ അന്‍പത്തിയൊന്ന് പേജുള്ള റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. അതേസമയം, ഐപിസിയുടെ റിപ്പോര്‍ട്ടിനെ തള്ളി ഇസ്രായേല്‍ രംഗത്തെത്തി. പക്ഷാപാതപരവും ഹമാസിന് വേണ്ടി തയ്യാറാക്കിയതുമാണ് റിപ്പോര്‍ട്ടെന്നാണ് ഇസ്രായേലിന്റെ ആരോപണം.

അതേസമയം, വെടിനിര്‍ത്തലിനായുള്ള ഖത്തറിന്റെ നിര്‍ദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെ ഗസ്സ പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രായേല്‍ തയ്യാറാക്കി. സൈനിക നടപടി ശക്തിപ്പെടുത്താന്‍ 60,000 കരുതല്‍ സൈനികരോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട ഇസ്രായേല്‍ കഴിഞ്ഞദിവസം കടുത്ത ആക്രമണവും ഗാസയില്‍ അഴിച്ചു വിട്ടു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം അംഗീകാരം നല്‍കി. ഗാസ നഗരത്തില്‍ നിന്നും തെക്കന്‍ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll to Top