
ലൈംഗികാരോപണങ്ങളില്‍ പെട്ട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കൊണ്ടാണ് കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കില്ലെന്ന സൂചന നല്‍കിയത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച കോണ്‍ഗ്രസ്, പിന്നാലെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന പാര്‍ട്ടിയിലെ ഏകാഭിപ്രായം കണക്കിലെടുത്താണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ആദ്യം രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി പാര്‍ട്ടി ആവശ്യപ്പെടുമെന്നായിരുന്നു ഊഹാപോഹങ്ങള്‍. എന്നാല്‍, അത് ചെയ്യാതെ, പാര്‍ട്ടിക്ക് വേണ്ടാത്ത എംഎല്‍എ എന്ന നിലയില്‍ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമമാണോ എന്ന് ചോദിക്കുന്ന വിമര്‍ശകര്‍ക്കും മറുപടിയുണ്ട്. രാഹുലിനെതിരായ ആരോപണം വിശദമായി പരിശോധിക്കുകയും രാഹുലില്‍ നിന്ന് വിശദീകരണം തേടി വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനാണ് നീക്കം.
പാര്‍ട്ടി എടുക്കേണ്ട നടപടികളുടെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ സംഭവിച്ചത്. പാര്‍ട്ടി സ്ഥാനങ്ങൡ നിന്ന് മാറ്റി നിര്‍ത്തിയ ശേഷം പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതോടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിന് സസ്പെന്ഷന് ലഭിക്കും അങ്ങനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടുന്നതോടെ പാര്‍ട്ടിക്കാരനല്ലാത്ത സ്വതന്ത്ര എംഎല്‍എ ആകുകയാണ് രാഹുല്‍. ഇതോടെ നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ നിയമസഭയ്ക്കുള്ളില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. പ്രതിപക്ഷ നിരയില്‍ ഇനിമുതല്‍ രാഹുലിന് ഇരിപ്പിടമുണ്ടാകില്ല. അങ്ങനെ പ്രതിപക്ഷ നിരയില്‍ അല്ലാതെ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ രാഹുല്‍ തയ്യാറാകുമോ എന്നും കണ്ടറിയണം. അതുകൊണ്ട് തന്നെ സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കടുത്ത പ്രതിരോധത്തിലായ കോണ്‍ഗ്രസിന് തത്കാലത്തേക്കെങ്കിലും ഈ സസ്പെന്ഷന് മുഖം രക്ഷിക്കാനുതകും., യുവനടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിന് പിന്നാലെ പലവിധ കോണുകളില്‍ നിന്ന് രാഹുലിന് നേര്‍ക്ക് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ രാഹുല്‍ മാങ്കൂട്ടവും ആകെ പ്രതിരോധത്തിലായി. ഇതേതുടര്‍ന്നാണ് അടിയന്തിരമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആദ്യം തന്നെ രാഹുലിനെ പാര്‍ട്ടി രാജിവെപ്പിച്ചത്. ഇതിനു പിന്നാലെ രാഹുല്‍ എംഎല്‍എ സ്ഥാനം കൂടി രാജിവെക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളടക്കം കൈവിട്ട രാഹുലിനെതിരെ ഉമാ തോമസ് എംഎല്‍എ അടക്കമുള്ള വനിതാ നേതാക്കളും രാജി ആവശ്യവുമായി രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. ഷാഫി പറമ്പില്‍ മാത്രമായിരുന്നു പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് രാഷ്ട്രീയ സംരക്ഷണം ഒരുക്കിയ ഏക വ്യക്തി. എന്നിട്ടും ഗ്രൂപ്പ് ഭേദമെന്യേ പോലും രാഹുലിനെതിരെ നടപടി എന്ന ഏകാഭിപ്രായം വന്നതോടെയാണ് തത്കാലം ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുനില്‍ക്കട്ടെ എന്ന് പാര്‍ട്ടി തീരുമാനിച്ചത്.
പല ഉള്‍ക്കാഴ്ചകളും കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് രാഹുലിനെതിരായ നടപടി തത്കാലം സസ്പെന്ഷനാക്കിയത്. ഈ സമയത്ത് ഒരു ഉപതെരഞ്ഞെടുപ്പിനെ പാലക്കാട്ട് നേരിടുന്നത് പാര്‍ട്ടിയെ ഏത് രീതിയില്‍ ബാധിക്കുമെന്ന് കോണ്‍ഗ്രസിന് നല്ല രീതിയില്‍ ആശങ്കയുണ്ട്. പ്രത്യേകിച്ച് ബിജെപിയും സിപിഐഎമ്മും ഉപതെരഞ്ഞെടുപ്പുണ്ടാകുന്നത് നോക്കി ഇരിക്കുകയാണ്. രാഹുല്‍ വിഷയം ഉന്നയിച്ച് സിപിഐഎമ്മും ബിജെപിയും കോണ്്രസിനെ കടന്നാക്രമിക്കും. ബിജെപിയാകട്ടെ ദേശീയതലത്തില്‍ പോലും രാഹുല്‍ മാങ്കൂട്ടം വിഷയം പ്രചാരണായുധമാക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയും രാഹുല്‍ മാങ്കൂട്ടവും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ച് അവര്‍ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം നടത്തുന്നുണ്ട്. പാലക്കാട്ട് ഏറെ പ്രതീക്ഷയുള്ള ബിജെപി അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിന് ഏതുവിധേനയും കച്ചകെട്ടിയിറങ്ങും. കേരളത്തില്‍ അധികാരത്തിലേക്ക് യുഡിഎഫ് ഒരു തിരിച്ചുവരവിന്റെ പാതയില്‍ നില്ക്കുന്ന ഈ ഘട്ടത്തില്‍ ഒരു തിരിച്ചടി നേരിടുന്ന തരത്തിലുള്ള റിസ്ക് എടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി കണക്കുകൂട്ടല്‍. അങ്ങനെയൊരു പരീക്ഷണം കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് താനും.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷം പോലും തികച്ചില്ല. ഈ സമയത്ത് ഒരു പരീക്ഷണം നടത്തുന്നത് അടുത്ത നിയമസഭയില്‍ ഭരണം കയ്യാളുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്ന കോണ്‍ഗ്രസിന് തലവേദനയാണ്. വിജയിച്ചാല്‍ അത് പ്രത്യേക ഊര്ജമാകുമെങ്കിലും തോറ്റാല്‍ അതുണ്ടാക്കുന്ന ഇംപാക്ട് ചെറുതാകില്ല. ഭരണവിരുദ്ധ വികാരം എന്ന കോണ്‍ഗ്രസിന്റെ തന്നെ നരേറ്റീവിന് അത് തിരിച്ചടിയാകും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ അവിടെയും തിരിച്ചടിയുണ്ടാകാന്‍ അത് കാരണമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അങ്ങനെ നിലവിലെ ഒരു തിരിച്ചുവരവ് ട്രെന്‍ഡിന്റെ പ്രതീക്ഷ മങ്ങിപ്പോകാതിരിക്കാനാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും രാജി എന്ന ആവശ്യം ഉയര്‍ന്നിട്ടും അതിന് മുതിരാതെ സസ്പെന്ഷന് എന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഈ വിശാല കാഴ്ചപ്പാടുമായി രാജി ആവശ്യം ഉന്നയിച്ച വനിതാ നിര അടക്കമുള്ളവര്‍ വഴങ്ങുമെന്ന് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നേിരവധി പരാതികള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്ത് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടുകയാണ് കേന്ദ്രനേതൃത്വം ചെയ്തത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെങ്കില്‍ നിയമനടപടിയുള്‍പ്പെടെ രാഹുലിന്റെ പ്രതികരണം ഉണ്ടാകാത്തതെന്താണെന്നാണ് ഹൈക്കമാന്‍ഡ് ചോദിച്ചത്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ രാഹുലിനെ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎല്‍എസ്ഥാനം രാജിവയ്ക്കുക എന്ന സമ്മര്‍ദ്ദത്തിലേക്ക് കൂടി രാഹുലിനെ എത്തിച്ചെങ്കിലും ബിജെപി ആഗ്രഹിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഒരു സാധ്യത തുറന്നിട്ടു കൊടുക്കേണ്ടതില്ലെന്ന പാര്‍ട്ടി വിലയിരുത്തലാണ് പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്ററി പാര്‍്ട്ടിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയത്. ഇനി രാഹുലിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും പാര്‍ട്ടി കടുത്ത നടപടികളിലേക്ക് കടക്കുക.



