ബിജെപിയെ വെല്ലുവിളിച്ച് സന്ദീപ് വാര്യര്‍; കോണ്‍ഗ്രസിനെ മാതൃകയാക്കി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോ? വെല്ലുവിളി ഫേസ്ബുക്ക് പോസ്റ്റിലൂടെ.

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ‘വന്‍ വാര്‍ത്താ’ മുന്നറിയിപ്പിന് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിന്റെ മാതൃക പിന്തുടര്‍ന്ന് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടി എടുക്കുമോയെന്ന് സന്ദീപ് ചോദിച്ചു. ബിജെപിക്കാര്‍ കാളയുമായി സ്വന്തം സംസ്ഥാന പ്രസിഡണ്ടിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ തയ്യാറായിക്കോളൂ എന്നും ഞെട്ടുന്ന വാര്‍ത്ത വരുന്നുണ്ടെന്നുമായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് വലിയ കോലാഹലം ഉണ്ടാക്കുന്നത് തന്റെ പഴയ പാര്‍ട്ടിയായ ബിജെപിയാണെന്നും ആക്ഷേപം അഴിച്ചു വിട്ട പല മാന്യന്‍മാരുടെയും മുഖം മൂടി 48 മണിക്കൂറിനുളളില്‍ അഴിഞ്ഞ് വീഴുമെന്നും സന്ദീപ് വാര്യര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വെല്ലുവിളി.

രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനെ പോലെ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ സംസ്ഥാന നേതൃത്വത്തിലും ജില്ലാ നേതൃത്വത്തിലും ഇരിക്കാന്‍ ഒരാള്‍ പോലുമുണ്ടാകില്ല. 48 മണിക്കൂറിനുള്ളില്‍ ആക്ഷേപം ഉന്നയിച്ച മാന്യന്മാരുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴും. കയ്യൂക്കിന്റെ ഭാഷയില്‍ സംസാരിച്ചാല്‍ അതേ ഭാഷയില്‍ തിരിച്ചും സംസാരിക്കുമെന്നും സന്ദീപ് വാര്യര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിനെ സിപിഐഎമ്മും ബിജെപിയും ധാര്‍മികത ഉപദേശിക്കണ്ട. സമാനമായ കേസില്‍ മറ്റൊരു യുവജന സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിക്കാണ് യുവമോര്‍ച്ചയില്‍ അടുത്തിടെ ഭാരവാഹിത്വം കൊടുത്തത്. സി കൃഷ്ണകുമാറിനോട് തേങ്ങ ഉടയ്ക്ക് സ്വാമി എന്നേ പറയാനുള്ളൂ. കാര്യങ്ങള്‍ എല്ലാം പുറത്തുവരും. കൃഷ്ണകുമാറും സഹപ്രവവര്‍ത്തകരും വലിയ പരിഭ്രാന്തിയിലാണ്. സജി ചെറിയാന്‍ സ്വന്തം പാര്‍ട്ടിയിലെ ഇതിലും ഗുരുതരമായ വിഷയങ്ങള്‍ വന്നപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിക്കട്ടെയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Scroll to Top