
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗത്തിനിരയായ പതിനേഴുകാരിയെ കേസ് പിന്‍വലിക്കാന്‍ കുടുംബം വിസമ്മതിച്ചതിന് തട്ടിക്കൊണ്ടു പോയതായി പരാതി. പ്രതിയായ യുവാവും പിതാവും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. രവിശങ്കര്‍ മിശ്ര എന്ന യുവാവും അയാളുടെ പിതാവുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രവിശങ്കര്‍ മിശ്രയും അയാളുടെ പിതാവും ബലാത്സംഗ കേസില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഒത്തുതീര്‍പ്പിനു വിസമ്മതിച്ചതിനു പിന്നാലെ മകളെ തട്ടിക്കൊണ്ടുപോയെന്നുമാണ് പരാതിയില്‍ പറയുന്നത്.
തന്റെ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിയും ഇരയും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍, രവിശങ്കര്‍ മിശ്രയ്ക്കും പിതാവിനും എതിരെ ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെയും പ്രതികളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
2024 ഡിസംബര്‍ 26 നാണ് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് രവിശങ്കര്‍ മിശ്ര പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. കുപ്പിവെള്ളത്തില്‍ ലഹരിമരുന്ന് കലര്‍ത്തി രവിശങ്കര്‍ പെണ്‍കുട്ടിക്ക് നല്‍കി. വെള്ളം കുടിച്ച പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു. പിന്നാലെ ബലാത്സംഗം ചെയ്യുകയും സ്‌കൂളിനു സമീപം ഉപേക്ഷിക്കുകയും ചെയ്തു. 2024 ഡിസംബര്‍ 28 ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രവിശങ്കര്‍ അറസ്റ്റിലായി. ഈ വര്‍ഷം ജൂണിലാണ് ജാമ്യത്തിലിറങ്ങിയത്.



