
അഹമ്മദാബാദ്: വോട്ട് കൊള്ള ആരോപണത്തിനു പിന്നാലെ അടുത്ത ബോംബുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ അജ്ഞാതരായ 10 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിന് സംഭാവനയായി ലഭിച്ച കണക്കുകള്‍ പുറത്തുവിട്ടു കൊണ്ടാണ് രാഹുല്‍ഗാന്ധി ഇത്തവണ പുതിയ ബോംബ് പൊട്ടിച്ചിരിക്കുന്നത്. ഊരും പേരുമില്ലാത്ത പത്ത് പാര്‍ട്ടികള്‍ക്കായി 4,300 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും ഈ പണം എവിടെ നിന്ന് വന്നുവെന്നും ആരാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നതെന്നും അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവുമോയെന്നുമാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം.
2019 മുതല്‍ 2024 വരെ ഗുജറാത്തില്‍ നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലുമായി 43 സ്ഥാനാര്‍ഥികളാണ് ഈ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മത്സരിച്ചത്. ഇവര്‍ ആകെ നേടിയതാകട്ടെ 54,000 വോട്ടും. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ 39 ലക്ഷം രൂപയാണ് ഇവര്‍ ചെലവായി കാണിച്ചതെങ്കിലും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 3,500 കോടി രൂപയാണ് ചെലവ് കാണിക്കുന്നത്. സംഭാവനായി 4,300 കോടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
”ഗുജറാത്തിലെ ചില അജ്ഞാത പാര്‍ട്ടികള്‍ക്ക് 4,300 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. എന്നാല്‍ അവരുടെ പേര് ആരും കേട്ടിട്ടില്ല. വളരെ പരിമിതമായി മാത്രമാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പണം ചെലവഴിക്കുകയും ചെയ്തത്. എവിടെ നിന്നാണ് ഈ ആയിരക്കണക്കിന് കോടി രൂപ വന്നത്? ആരാണ് ഈ പാര്‍ട്ടികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്? എവിടേക്കാണ് ഈ പണം പോകുന്നത്? ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുമോ, അല്ലെങ്കില്‍ ഒരു അഫിഡവിറ്റ് നല്‍കാന്‍ ആവശ്യപ്പെടുമോ? അതോ ഈ വിവരവും മറച്ചുവെക്കാന്‍ പറ്റുന്ന രീതിയില്‍ അവര്‍ സ്വയം നിയമത്തില്‍ മാറ്റം വരുത്തുമോ എന്നും രാഹുല്‍ എക്സില്‍ കുറിച്ചു.



