പൊലീസ് നരനായാട്ട് അവസാനിപ്പിക്കണം; സുജിത്തിനെ മര്‍ദ്ദിച്ച പൊലീസുകാരെ പുറത്താക്കണമെന്ന് ജോസഫ് ടാജറ്റ്.

തൃശ്ശൂര്‍: കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും കേള്‍വി ശക്തി തകരാറിലാകാന്‍ കാരണക്കാരാകുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃശ്ശൂര്‍ ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ്. ക്രൂരമായ മര്‍ദനമാണ് നടന്നത്. പൊലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം. സുജിത്തിനെ മാരകമായി മര്‍ദ്ദിച്ച കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് മാത്രമല്ല, മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി 45 തവണ കാലില്‍ അടിച്ചിട്ടുണ്ട്. ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യം പാര്‍ട്ടിക്ക് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡണ്ട് വി.എസ്. സുജിത്തിനാണ് 2023 ഏപ്രില്‍ അഞ്ചിന് മര്‍ദ്ദനമേറ്റത്. ചൊവ്വന്നൂരില്‍ വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് പ്രകോപനമായത്. സുജിത്തിന്റെ ഇടപെടല്‍ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സ്റ്റേഷനു മുകളില്‍ സിസിടിവി കാമറ ഇല്ലാത്ത സ്ഥലത്തു കൊണ്ടുപോയും മര്‍ദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കി, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന വ്യാജ എഫ്‌ഐആറും ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

Scroll to Top