സരിനെതിരെ ലൈംഗികാരോപണവുമായി ട്രാന്‍സ് യുവതി; സരിന്‍ ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്ന് രാഗരഞ്ജിനി; വിവാദമായതോടെ കുറിപ്പ് നീക്കം ചെയ്ത് വിശദീകരണക്കുറിപ്പ്.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.പി.സരിനെതിരെ ലൈംഗികാരോപണവുമായി ട്രാന്‍സ് യുവതി രംഗത്ത്. രാഗരഞ്ജിനി എന്ന ട്രാന്‍സ് യുവതിയാണ് ആരോപണമുന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കോണ്‍ഗ്രസ് അനുഭാവി കൂടിയായ രാഗരഞ്ജിനിയുടെ ആരോപണം. കാസര്‍കോട് വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും അവിടെ സരിന്‍ ഒപ്പം താമസിക്കാന്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു രാഗരഞ്ജിനിയുടെ വെളിപ്പെടുത്തല്‍.

”സൗമ്യ സരിന്‍, നിങ്ങളുടെ ഭര്‍ത്താവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി” എന്നാരംഭിക്കുന്ന കുറിപ്പുമായാണ് രാഗരഞ്ജിനി എത്തിയത്. പോസ്റ്റ് വലിയതോതില്‍ പ്രചരിച്ചതിനു പിന്നാലെ രാഗരഞ്ജിനി തന്നെ അത് ഫേസ്ബുക്കില്‍ നിന്ന് നീക്കി. തുടര്‍ന്ന് വിശദീകരണ കുറിപ്പും പോസ്റ്റ് ചെയ്തു. അത് ഇങ്ങനെയായിരുന്നു. ”സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാന്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാന്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് എനിക്ക് കുടുംബത്തില്‍ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല.”

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക ആരോപണങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഉയര്‍ന്നപ്പോള്‍ കടന്നാക്രമിച്ച് സരിന്‍ രംഗത്തുണ്ടായിരുന്നു. ഇതിനിടയിലാണ് സരിനെതിരെയും ലൈംഗികാരോപണം ഉയരുന്നത്.

Scroll to Top