സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിന് സംഘപരിവാറിന്റെ ബദല്‍; പന്തളത്ത് വിശ്വാസ സംഗമം നടത്താന്‍ നീക്കം., സര്‍ക്കാരിന്റേത് രാഷ്ട്രീയ പരിപാടിയായി കാണേണ്ടതില്ലെന്ന് വി.എന്‍ വാസവന്‍.

തിരുവനന്തപുരം: സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം നടത്താന്‍ സംഘപരിവാര്‍ നീക്കം. ഈമാസം 22 നു പന്തളത്ത് വിശ്വാസ സംഗമം നടത്താനാണ് നീക്കം. അമിത് ഷാ, യോഗി ആദിത്യ നാഥ് അടക്കമുള്ളവരെ എത്തിക്കാനും ശ്രമമുണ്ട്. ശബരിമല ഐക്യസമിതിയും ഹിന്ദു ഐക്യവേദിയും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. സംഗമത്തില്‍ പന്തളം കൊട്ടാരത്തെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ നാളെ പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. കാര്യം മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. പരിപാടിയില്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുകയെന്നും മറ്റ് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. പരിവാടി നേരത്തെ തീരുമാനിച്ചതാണ്. പമ്പയിലാണ് പരിപാടി നടക്കുന്നതെന്നും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും വാസവന്‍ പറഞ്ഞു. ശബരിമലയില്‍ വരുന്നവരെയെല്ലാം അയ്യപ്പന്മാര്‍ എന്നാണ് വിളിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നേതൃത്വത്തിലുളള ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കേണ്ടതില്ലെന്നും എന്നാല്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് അറിയിച്ചിരുന്നു. അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ കാപട്യത്തെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ശബരിമല പ്രക്ഷോഭ കാലത്തെ കേസുകള്‍ നാല് വര്‍ഷമായിട്ടും പിന്‍വലിച്ചിട്ടില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Scroll to Top