
പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീട്ടിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങളായ യുവതിക്കും യുവാവിനും ഗുരുതരമായി പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്കാണ് പാലക്കാട് പുതുനഗരം മാങ്ങോട്ടെ വീട്ടില്‍ പൊട്ടിത്തെറിയുണ്ടായത്. വീട്ടിനകത്ത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. പുതുനഗരം മാങ്ങോട് സ്വദേശികളായ ഷെരീഫ് (40), സഹോദരി ഷഹാന (38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതര പരുക്കേറ്റ ഷെരീഫിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷെരീഫിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ആദ്യം കരുതിയതെങ്കിലും, ഗ്യാസ് സിലിണ്ടറോ മറ്റ് വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.



