കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനം; പൊലീസുകാരെ രക്ഷപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട്., ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രം., മൂന്നാംമുറ ശരിവച്ച് അന്വേഷണ റിപ്പോര്‍ട്ട്.

തൃശ്ശൂര്‍: കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്ന് സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ട് പൊലീസുകാരെ രക്ഷിക്കുന്നതായിരുന്നെന്ന് തെളിയുന്നു. കുറ്റം ചെയ്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാതെയാണ് അന്നത്തെ എസിപി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചത്. പൊലീസുകാര്‍ക്ക് രക്ഷപ്പെടാന്‍ തക്ക വീഴ്ചകള്‍ ഏറെയുള്ള റിപ്പോര്‍ട്ടായിരുന്നു സമര്‍പിച്ചത്. ചുമത്തിയതാകട്ടെ ദുര്‍ബലമായ വകുപ്പുകളും. കൈകൊണ്ട് അടിച്ചു എന്ന വകുപ്പ് മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ മൂന്നാംമുറ ശരിവച്ചിരുന്നു. കൊടുത്തത് നല്ല ഇടി എന്നായിരുന്നു എസിപിയുടെ റിപ്പോര്‍ട്ട്. 2023-ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കീഴുദ്യോഗസ്ഥര്‍ക്ക് ഉന്നതരുടെ പരിരക്ഷ ആവോളം ലഭിച്ചു എന്നാണ് ഇതില്‍ നിന്നും മനസിലാകും.

എസ്‌ഐ അടക്കം മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് വാദമെങ്കിലും രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധന തടയുക മാത്രമാണുണ്ടായത്. സസ്‌പെന്‍ഷന്‍ പോലും ഉണ്ടായില്ല. ഒരു കുറ്റത്തിനു രണ്ടുതവണ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് ഉന്നതരുടെ വാദം. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. മര്‍ദനത്തില്‍ ഭാഗമായ മുഴുവന്‍പേരെയും ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടര്‍ നടപടിക്ക് നിയമസാധുത പരിശോധിക്കാന്‍ ഡിജിപി ഉത്തര മേഖല ഐജിക്ക് നിര്‍ദേശം നല്‍കി.

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായ വി.എസ്.സുജിത്തിനു പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമര്‍ദനമേറ്റത്. വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വഴിയരികില്‍ നിന്ന തന്റെ സുഹൃത്തുക്കളെ അകാരണമായി പൊലീസ് ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് ചോദിച്ചാണ് പൊലീസുകാര്‍ സുജിത്തിനെ മര്‍ദിച്ചത്. എസ്‌ഐ നുഹ്‌മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മര്‍ദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.

Scroll to Top