
മുംബൈ: കയ്യേറ്റക്കാര്‍ക്ക് വഴങ്ങാതെ ജോലി ചെയ്ത് അനധികൃത ഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ഭീഷണി സന്ദേശം. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി അജിത് പവാറാണ് മലയാളി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. അജിത് പവാര്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണില്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തി.
മഹാരാഷ്ട്രയിലെ കര്‍മല ഡിഎസ്പിയായി സേവനമനുഷ്ടിക്കുന്ന അഞ്ജന കൃഷ്ണ സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയപ്പോഴായിരുന്നു സംഭവം. എന്‍സിപി പ്രവര്‍ത്തകന്റെ ഫോണില്‍ വിളിച്ച് ഡിഎസ്പിയോട് സംസാരിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നും പവാര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ പവാറിന്റെ ശബ്ദം തിരിച്ചറിയാതിരുന്ന അഞ്ജന ഐപിഎസ്, തന്റെ നമ്പരിലേക്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ കുപിതനായ പവാര്‍, നിങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി.
പവാറിന്റെ വാക്കുകള്‍ ഇങ്ങനെ; ”നിങ്ങള്‍ക്ക് എന്നെ കാണണം അല്ലേ. നിങ്ങളുടെ നമ്പര്‍ തരൂ, അല്ലെങ്കില്‍ എന്നെt വാട്സാപ്പില്‍ വിളിക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് എന്റെ മുഖം മനസിലാകും. ഇതുപോലെ സംസാരിക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യംവന്നു” എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍,. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളിലുണ്ട്. അതിനിടെ, വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയായ അഞ്ജന കൃഷ്ണ മഹാരാഷ്ട്രയിലെ കര്‍മല ഡിഎസ്പിയായാണ് പ്രവര്‍ത്തിക്കുന്നത്. 2022-ലാണ് അഞ്ജന കൃഷ്ണ സിവില്‍സര്‍വീസ് നേടിയത്.



