കേരളത്തിലെ ഇടിയന്‍ പൊലീസില്‍ നിന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കും രക്ഷയില്ല; മധ്യസ്ഥതയ്ക്ക് ചെന്ന തന്നെ മര്‍ദ്ദിച്ചെന്ന് സിപിഐഎം നേതാവ്; ‘പാര്‍ട്ടി വിരുദ്ധ പോസ്റ്റല്ല., സത്യം പറഞ്ഞതിന് നടപടി എടുത്താലും കുഴപ്പമില്ല’

കൊല്ലം: മധ്യസ്ഥതയ്ക്ക് ചെന്ന തന്നെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി കൊല്ലം ജില്ലയിലെ സിപിഐഎം നേതാവ്. സിപിഐഎം നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജീവാണ് ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവിന്റെ വെളിപ്പെടുത്തല്‍. കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് മര്‍ദിച്ചെന്നാണ് സജീവിന്റെ ആരോപണം. വ്യാഴാഴ്ച ഒരു കേസിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്കായി സ്റ്റേഷനിലെത്തിയ തന്നെ സിഐ ഒരു കാരണവുമില്ലാതെ ഉപദ്രവിച്ചെന്ന് സജീവ് പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും സജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അനുഭവങ്ങള്‍ ആണ് ബോധ്യങ്ങള്‍ ആവുന്നത്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണു സിപിഐഎം നേതാവില്‍ നിന്ന് തന്നെ പൊലീസിനെതിരെ സമാനമായ ആരോപണം വരുന്നത്. കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസത്തില്‍ യൂത്ത് കോണ്‍ഗ്രസ് ‘കൊലച്ചോറ്’ സമരം നടത്തിയിരുന്നു. തൃശൂര്‍ ഡിഐജി ഓഫിസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘കൊലച്ചോറ്’ സമരവുമായി എത്തിയത്. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം.

വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിട്ടുണ്ട്. പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനഃപരിശോധിക്കുന്നതിലാണു നിയമോപദേശം തേടിയത്. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനഃപരിശോധിപ്പിക്കാനാണ് തീരുമാനം. കോടതിയില്‍ കേസ് നില്‍ക്കുമ്പോള്‍ പുനഃപരിശോധന സാധ്യമാണോ എന്നാണു നിയമോപദേശം. കോടതി അലക്ഷ്യമാകില്ലെങ്കില്‍ ഉടന്‍ അച്ചടക്ക നടപടി പുനഃപരിശോധിക്കും. നിലവില്‍ 3 പൊലീസുകാരുടെ രണ്ട് ഇന്‍ഗ്രിമെന്റാണ് റദ്ദാക്കിയത്.

” rel=”noopener” target=”_blank”>അനുഭങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത്

ഫോട്ടോ സജീവ് വായനശാല എന്ന ഫേസ്ബുക്ക് പേജില്‍ നിന്ന്‌

Scroll to Top