പലസ്തീനില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍; ഒറ്റദിവസം കൊല്ലപ്പെട്ടത് 21 പേര്‍; 24 മണിക്കൂറിനിടെ 27 മരണം., ഗാസ സിറ്റിയില്‍ നിന്ന് മവാസിയിലേക്ക് മാറാന്‍ നിര്‍ദേശം.,, 10 ലക്ഷം പേര്‍ ഭീതിയില്‍.

ഗാസ: ഗാസ പിടിച്ചെടുക്കാനുള്ള നീക്കം തുടരുന്ന ഇസ്രായേല്‍ സൈന്യം ഗാസസിറ്റിയില്‍ ആക്രമണം നടത്തുന്നത് തുടരുന്നു. ഗാസയില്‍ ഇസ്രായേലി കൂട്ടക്കൊല തുടരുകയാണ്. ശനിയാഴ്ച മാത്രം ഇതുവരെ 21 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. ഇതടക്കം ആകെ 27 പേരാണ് കൊല്ലപ്പെട്ടത്. ഖാന്‍ യൂനിസിന് തൊട്ടടുത്ത അമലില്‍ തങ്ങളുടെ തകര്‍ന്ന വീട് പരിശോധിക്കാനെത്തിയ ആറുപേര്‍ക്ക് ഇസ്രായേലി ആക്രമണത്തില്‍ പരുക്കേറ്റു. അല്‍ മവാസി ഏരിയയില്‍ ഹ്യമാനിറ്റേറിയന്‍ സോണ്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനസില്‍ ആക്രമണം തുടരുകയാണ്. അല്‍ മവാസിയിലേക്ക് ഗാസസിറ്റി വാസികളോട് മാറാന്‍ പറഞ്ഞതിനു ശേഷം ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണം നടത്തി വരുന്നുണ്ട്.

ഗാസ സിറ്റിയിലെ താമസക്കാരോട് ഉടന്‍ ദക്ഷിണ ഭാഗത്തെ ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാനാണ് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയത്. നഗരകേന്ദ്രം പിടിച്ചടക്കാനുള്ള സൈനിക നീക്കത്തിന് മുന്നോടിയായാണ് ഈ ആവശ്യം വിലയിരുത്തപ്പെടുന്നത്. അല്‍ മവാസി എന്ന് വിളിക്കപ്പെടുന്ന ഹ്യുമാനിറ്റേറിയന്‍ സോണിലേക്ക് മാറാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സൈനിക വക്താവ് ആവശ്യപ്പെട്ടു. എന്നാല്‍ പുതിയ ആക്രമണം എപ്പോള്‍ നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന്റെ അപ്രതീക്ഷിത സ്വഭാവം നിലനിര്‍ത്താന്‍ ഇത് മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്ന് ഒരു സൈനിക വക്താവ് പറഞ്ഞിട്ടുണ്ട്. മാനുഷിക മേഖലയില്‍ ഭക്ഷണം, മരുന്ന്, ടെന്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫീല്‍ഡ് ആശുപത്രികള്‍, ജല പൈപ്പ്ലൈനുകള്‍ എന്നിവയുണ്ടെന്നും സേന ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കരയാക്രമണം വിപുലീകരിക്കുന്നതോടൊപ്പം യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ തെക്ക് ഭാഗത്തുള്ള മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും പ്രസ്താവനയിലുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസ സിറ്റിയിലും പരിസരത്തുമായി പത്തു ലക്ഷത്തോളം ആളുകളുണ്ട്. പ്രദേശം പിടിച്ചെടുക്കാനുള്ള പദ്ധതികളുമായി ഐഡിഎഫ് മുന്നോട്ടുപോയാല്‍ വന്‍ ദുരന്തം ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദമുണ്ട്. ഹമാസ് ആഗസ്തില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന് സമ്മതിച്ചിരുന്നു. താത്കാലിക വെടിനിര്‍ത്തലും ഗാസയില്‍ ബന്ദികളാക്കിയവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുമെന്നതും ധാരണയായിരുന്നു. എന്നാല്‍, എല്ലാ ബന്ദികളെയും ഒരേസമയം മോചിപ്പിക്കണമെന്നും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നതുമാണ് ഇസ്രയേലിന്റെ ആവശ്യം. ഗാസയുടെ നിയന്ത്രണം വിട്ടുകൊടുക്കുക എന്ന വ്യവസ്ഥയും ഇസ്രേയല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

 

Scroll to Top