കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; നാല് പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യും., ശുപാര്‍ശ ഡിഐജിയുടേത്.

തിരുവനന്തപുരം: കുന്ദംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട നാലു പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച എസ്‌ഐ നൂഹ്‌മാന്‍, സജീവന്‍, സന്ദീപ്, ശശീന്ദ്രന്‍ എന്നിവര്‍ക്കെതിരായാണു നടപടിക്ക് ശുപാര്‍ശ. നാലുപേരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിഐജി ഹരി ശങ്കര്‍ ശുപാര്‍ശ ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി രാജ്പാല്‍ മീണയ്ക്ക് ശുപാര്‍ശ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. നാലുപേര്‍ക്കും എതിരെ കോടതി ക്രിമനല്‍ കേസും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരനായിരുന്ന ഷുഹൈര്‍, നിലവില്‍ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ വകുപ്പുതല നടപടി സാധ്യമല്ല.

പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് പൊലീസ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ‘കടുത്ത നടപടി’ വേണമെന്ന് ഡിഐജി ഹരി ശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് തുടര്‍ നടപടി എടുത്താല്‍ അത് തിരിച്ചടിക്കുമെന്ന് ആശങ്കയുയര്‍ന്നു. എന്നാല്‍ നിലവിലുള്ള നടപടി പുനഃപരിശോധിക്കുന്നതിന് കോടതിയിലെ കേസ് തടസമാകില്ലെന്ന് വാദമുണ്ട്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു.

കേസില്‍ ഒരിക്കല്‍ പൊലീസ് നടപടി എടുത്തിരുന്നു. ഇതു സംബന്ധിച്ച ക്രിമനല്‍ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പുതിയ സംഭവങ്ങളെ തുടര്‍ന്നു വീണ്ടും നടപടി എടുത്താല്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് ആശങ്ക വന്നു. എന്നാല്‍ നടപടി പുനഃപരിശോധിക്കുന്നതിനും ഉയര്‍ത്തുന്നതിനും കോടതിയിലെ കേസ് തടസമാകില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തത്. 2023 ലാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് കുന്നംകുളം സ്റ്റേഷനില്‍ മര്‍ദനമേറ്റത്.

Scroll to Top