
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്കി. കര്‍ശന നിര്‍ദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും സംഗമം നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി പറഞ്ഞു.
സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഹൈക്കോടതി പറഞ്ഞു. സാധാരണഗതിയില്‍ ശബരിമലയില്‍ എത്തുന്ന വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവര്‍ക്കും നല്‍കാവൂ എന്നാണ് കോടതിയുടെ നിരീക്ഷണം. പുണ്യപൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ഇത് ഒരുതരത്തിലും ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സര്‍ക്കാരിന് നേരെ നിരവധി ചോദ്യങ്ങള്‍ ഹൈക്കോടതി ഉന്നയിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നായിരുന്നു ഹൈക്കോടതി ഉയര്‍ത്തിയ ഒരു ചോദ്യം. ദേവസ്വം ബോര്‍ഡിനെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നത്?, സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും എന്നതടക്കമുള്ള ചോദ്യങ്ങളായിരുന്നു ഉന്നയിച്ചത്. ക്ഷണിതാക്കളുടെ കാര്യത്തില്‍ സര്‍ക്കാരിന് മുന്‍ഗണനയുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
പണം ചെലവഴിക്കുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മത സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാരിന് പണം ചെലവഴിക്കാം. കുംഭമേള മാതൃകയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനമെന്നും സര്‍ക്കാര്‍ മറുപടി നല്കി. പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.



