കോളറില്‍ പിടിച്ച് ചുവരില്‍ ചേര്‍ത്തു നിര്‍ത്തി കാലില്‍ അടിച്ചു; തല ചുവരില്‍ ഇടിപ്പിച്ചു; പൊലീസിനെ പോലും നാണിപ്പിക്കുന്ന കാടത്തം., അവധി എടുത്തതിന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ തല്ലിച്ചതച്ചു.

മലപ്പുറം: സ്‌കൂളില്‍ അവധി എടുത്തതിന് പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകന്‍; മലപ്പുറം കടുങ്ങാത്തുകുണ്ടിലാണ് സംഭവം. കടുങ്ങാത്തുകുണ്ട് ബാഫഖി യത്തീംഖാന സ്‌കൂളിലെ അധ്യാപകനായ ഷിഹാബ് ആണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാക്കളും പറയുന്നു. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അധ്യാപകനെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

രണ്ടുദിവസം സ്‌കൂളില്‍ വരാതെ അവധി എടുത്തതിനാണ് അടിച്ചതെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും പറയുന്നു. പത്ത് എഫ് ഡിവിഷനിലെ ക്ലാസ് അധ്യാപകനായ ഷിഹാബ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ബസ് കിട്ടാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പോയിരുന്നില്ലെന്ന് രക്ഷിതാവും വിദ്യാര്‍ത്ഥിയും പറയുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയപ്പോഴായിരുന്നു മര്‍ദ്ദനം. രണ്ട് ബസ് കയറിയിറങ്ങിയാണ് കുട്ടി സ്‌കൂളിലെത്തുന്നത്. പലപ്പോഴും ബസ് നിര്‍ത്താതെ പോകാറുണ്ട്. അന്നും അത്തരത്തില്‍ ബസ് കിട്ടാതായതിനെ തുടര്‍ന്നാണ് സ്‌കൂളില്‍ മുടങ്ങിയത്. ഇക്കാര്യം സ്‌കൂളില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ വരാന്തയില്‍ വച്ച് തന്നെ അധ്യാപകനായ ഷിഹാബ് മര്‍ദ്ദിച്ചിരുന്നെന്ന് കുട്ടി പറഞ്ഞു. കോളറില്‍ പിടിച്ച് ചുമരിലേക്ക് കയറ്റി നിര്‍ത്തി വടി ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കാലിന് അടിച്ചതിനാല്‍ ഇപ്പോഴും വേദനയും നടക്കാന്‍ ബുദ്ധിമുട്ടും ഉണ്ടെന്ന് കുട്ടി പറയുന്നു. തല ചുവരില്‍ ഇടിപ്പിച്ചതിനാല്‍ തലകറക്കവും അനുഭവപ്പെടുന്നുണ്ട്. കൊടുംക്രിമിനലുകളോട് പൊലീസുകാര്‍ പോലും ചെയ്യാത്ത രീതിയിലാണ് തന്റെ കുഞ്ഞിനെ അധ്യാപകന്‍ ഇടിച്ചതെന്ന് രക്ഷിതാവും പറഞ്ഞു. മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് ഡോക്ടര്‍ പോലും അമ്പരന്ന് പോയെന്നും ആരാണ് ഇങ്ങനെ അടിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചെന്നും രക്ഷിതാവ് പറയുന്നു.

സംഭവത്തില്‍ അധ്യാപകനെതിരെ കല്‍പകഞ്ചേരി പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ നടപടി ഉണ്ടാകുന്നതു വരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

 

Scroll to Top