വിജിലിന്റെ തിരോധാനം; സരോവരത്തെ ചതുപ്പിലെ തിരച്ചില്‍ നിര്‍ണായകം; 53 അസ്ഥിഭാഗങ്ങള്‍ കണ്ടെത്തി., തലയോട്ടി കണ്ടെത്താനായില്ല.

കോഴിക്കോട്: കോഴിക്കോട് ചുങ്കത്ത് നിന്ന് കാണാതായി പിന്നീട് മരിച്ചെന്ന് സുഹൃത്തുക്കള്‍ സ്ഥിരീകരിച്ച കെ.ടി വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലില്‍ നിര്‍ണായക കണ്ടെത്തല്‍. സരോവരത്തെ തണ്ണീര്‍ത്തടത്തില്‍ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലില്‍ വിജിലിന്റെതെന്നു കരുതുന്ന അസ്ഥികളുടെ 53 ഭാഗങ്ങള്‍ കണ്ടെത്തി. തിരച്ചിലിന്റെ ഏഴാം ദിനത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. പല്ലുകളുടെയും താടിയെല്ലിന്റെയും വാരിയെല്ലിന്റെയും അസ്ഥിഭാഗങ്ങളാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തലയോട്ടി ഒഴികെ മറ്റ് ശരീരഭാഗങ്ങളിലെ എല്ലുകളും കണ്ടെത്തി.

വ്യാഴാഴ്ച നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെ ചതുപ്പിനടിയില്‍ വെട്ടുകല്ലുകള്‍ കണ്ടെത്തിയിരുന്നു. മരിച്ചതിനെത്തുടര്‍ന്ന് വിജിലിനെ ചതുപ്പില്‍ കല്ലു കെട്ടിത്താഴ്ത്തിയതാണെന്നാണ് നേരത്തെ പ്രതികള്‍ നല്‍കിയ മൊഴി. തിരച്ചില്‍ സംഘത്തിനൊപ്പമുള്ള ഫൊറന്‍സിക് സംഘത്തിന് തുടര്‍പരിശോധനകള്‍ക്കായി അസ്ഥികളുടെ ഭാഗം കൈമാറി.

ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ കണ്ടത്തിയിരുന്നു. ചതുപ്പില്‍ നിന്ന് കണ്ടെത്തിയ ഷൂ വിജിലിന്റെതാണെന്ന് പ്രതികളായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ.നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവര്‍ തിരിച്ചറിഞ്ഞിരുന്നു. തലയോട്ടി ഒഴികെ 53 അസ്ഥികളാണ് ലഭിച്ചതെന്നും ഇതില്‍ ഡിഎന്‍എ പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിസിപി അരുണ്‍ കെ.പവിത്രന്‍ പറഞ്ഞു. മഴയായിരുന്നു തിരച്ചിലിന് ഏറെ ബുദ്ധിമുട്ടായതെന്നും ഒത്തൊരുമയോടെ എല്ലാവരും ചേര്‍ന്നു 45 മീറ്ററോളം വിസ്തൃതിയില്‍ ചതുപ്പില്‍ നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്താനായതെന്നും എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് പൊലീസ് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വാങ്ങിയത്. ടൗണ്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്‌റഫിന്റെയും എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെയും നേതൃത്വത്തില്‍ തഹസില്‍ദാര്‍ എ.എം.പ്രേംലാല്‍, ഫൊറന്‍സിക് വിദഗ്ധര്‍, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് തിരച്ചിലില്‍ പങ്കെടുത്തത്. മൃതദേഹം കണ്ടെത്താന്‍ പൊലീസിന്റെ കഡാവര്‍ നായ്ക്കളായ മായ, മര്‍ഫി എന്നിവയെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിച്ചിരുന്നു.

Scroll to Top