
നോയ്ഡ: രോഗിയായ മകനുമായി ഫ്ളാറ്റില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയ്ഡയില് ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് 37 വയസ്സുള്ള സാക്ഷി ചൗള, 11 വയസ്സുള്ള മകനുമായി ജീവനൊടുക്കിയത്. രോഗിയായ 11 വയസ്സുള്ള മകനുമായി ഫ്ളാറ്റിന്റെ പതിമൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഏസ് സിറ്റി ബില്‍ഡിങ്ങിന്റെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് സാക്ഷിയും മകനും ചാടിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പെഴുതി വച്ചാണ് ജീവനൊടുക്കിയത്.
കുട്ടിക്ക് നാഡീ വളര്‍ച്ച സംബന്ധമായ രോഗമുണ്ടായിരുന്നതായും ഇതു യുവതിയെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും ഭര്‍ത്താവിനെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ താല്പര്യമില്ലെന്നും യുവതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ”ഞങ്ങള്‍ ഈ ലോകം വിടുകയാണ്, ക്ഷമിക്കണം, ഞങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഇനി ഭര്‍ത്താവിനെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല” – യുവതി കുറിപ്പില്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഭര്‍ത്താവ് യുവതിയോട് മകന് മരുന്നു നല്കാന് പറഞ്ഞു. തുടര്‍ന്ന് മകനുമായി യുവതി ബാല്‍ക്കണിയിലേക്ക് പോയി. പെട്ടെന്ന് നിലവിളി കേട്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന യുവാവ് ബാല്‍ക്കണിയിലേക്ക് എത്തിയപ്പോള്‍ ഇരുവരേയും ഫ്ലാറ്റിനു താഴെ വീണു കിടക്കുന്നതായി കണ്ടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില യുവതിയെ കടുത്ത മാനസിക സമര്ദത്തിലാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056)



