
കൊച്ചി: ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിന് ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും ഹൈക്കോടതിയില്‍ തിരിച്ചടി. ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ അപേക്ഷയ്ക്ക് കോടതി വീണ്ടും അനുമതി നിഷേധിച്ചു. പ്രശ്‌നങ്ങള്‍ നിസ്സാരമായി എടുത്ത് ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പ്ലാസ് ഒരുമാസമായി അടച്ചിട്ടിരിക്കുകയാണെന്നും വലിയ നഷ്ടമാണ് സംഭവിക്കുന്നതെന്നും ടോള്‍ പിരിവ് പുനഃരാരംഭിക്കണമെന്നുമായിരുന്നു ദേശീയപാത അതോറിറ്റി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
ദേശീയപാതയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം ദേശീയപാതയില്‍ പരിശോധന നടത്തിയ ശേഷം സമര്‍പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി മടക്കി. റിപ്പോര്‍ട്ട് വ്യക്തമല്ലെന്ന് കോടതി വിമര്‍ശിച്ചു. റോഡില്‍ 18 ഇടങ്ങളില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നും ഇതില്‍ 13 ഇടങ്ങളില്‍ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്നും ബാക്കി സ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ അതേപടി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, എവിടെയെല്ലാം എന്തെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കോടതി പറഞ്ഞു. വ്യക്തതയില്ലാത്ത ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും പുതിയ റിപ്പോര്‍ട്ട് വേണമെന്നും കോടതി ജില്ല കലക്ടറോട് ആവശ്യപ്പെട്ടു.
പുതിയ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ടോള്‍ പിരിക്കണോ വേണ്ടയോ എന്ന് ആലോചിക്കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ആഴ്ചയും ഹര്‍ജി പരിഗണിച്ചപ്പോള്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചിരുന്നു. പാലിയേക്കരയിലെ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുകയും ഹരജികളില്‍ തീരുമാനമാകുന്നത് വരെയും ടോള്‍ പിരിവ് വേണ്ടെന്നാണ് അന്ന് ഹൈകോടതി പറഞ്ഞിരുന്നത്.
ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇക്കഴിഞ്ഞ ആഗസ്ത് ആറിനാണ് പാലിയേക്കരയില്‍ ടോള്‍പിരിവ് നിര്‍ത്തി വച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്. കെപിസിസി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്, ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് തുടങ്ങിയവര്‍ സമര്‍പിച്ച ഹര്‍ജികളിലായിരുന്നു ഉത്തരവ്. തുടര്‍ന്ന് ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി.



