
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തെ ചൊല്ലി നിയമസഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് പ്രമേയാവതരണത്തിന് അനുമതി തേടി നോട്ടിസ് നല്‍കിയത്. എന്നാല്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ നോട്ടിസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് ഇതിനെ എതിര്‍ത്തു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ മുന്‍പും അടിയന്തരപ്രമേയമായി സഭയില്‍ വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ അയ്യപ്പ സംഗമം കലക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ നാല് കിലോ സ്വര്‍ണം കുറഞ്ഞതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്തുന്നത്. അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയവരാണ് ദേവസ്വം ബോര്‍ഡില്‍ ഇരിക്കുന്നത്. അതിന്റെ പാപം മറയ്ക്കാനാണോ അയപ്പ സംഗമം നടത്തുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.



