
ക്വറ്റ: പാകിസ്താനിലെ ക്വറ്റയില്‍ അര്‍ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തിനു പുറത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലാണ് ശക്തമായ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി ബഖത് കാക്കര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌ഫോടനത്തിന്റെ ശബ്ദം ദൂരെ സ്ഥലങ്ങളില്‍ വരെ കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി പോലുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള അക്രമങ്ങള്‍ കാരണം ബലൂചിസ്ഥാന്‍ വളരെക്കാലമായി പ്രക്ഷുബ്ധമാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ക്വറ്റ.
ക്വറ്റയില്‍നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ഈ വര്‍ഷം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയിരുന്നു. പിന്നീട് യാത്രക്കാരില്‍ ഭൂരിഭാഗം പേരെയും പാക്ക് സൈന്യം മോചിപ്പിച്ചു. നിരവധി പാക് സൈനികരും വിഘടനനവാദികളും ഓപ്പറേഷനിടെ കൊല്ലപ്പെട്ടിരുന്നു. ക്വറ്റയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ പര്‍വതമേഖലയില്‍ പാളം തകര്‍ത്തശേഷമാണു ബിഎല്‍എ ട്രെയിന്‍ പിടിച്ചെടുത്തത്.



