
പത്തനംതിട്ട: ശബരിമലയില്‍ നിന്ന് സ്വര്‍ണം പൂശാനെന്ന് പറഞ്ഞ് കൊണ്ടുപോയ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റി ആന്ധ്രയിലും എത്തിച്ചതായി കണ്ടെത്തല്‍. ഉത്തര ആന്ധ്ര ശബരിമല എന്നറിയപ്പെടുന്ന പെന്തൂര്‍ത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. സ്വര്‍ണ്ണപ്പാളിയുടെ പേര് പറഞ്ഞ് വന്‍തുക ഭക്തരില്‍ നിന്നും പിരിച്ചതായും സംശയമുണ്ട്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനാണ് ദേവസ്വം വിജിലന്‍സ് തീരുമാനം. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പെന്തൂര്‍ത്തി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ ഉണ്ണികൃഷ്ണന് പോറ്റിയും ആന്ധ്രയില്‍ നിന്നുള്ള ഭക്തസംഘടനയുമാണ്. എല്ലാവര്‍ഷവും മകരവിളക്കിന് ദിവസങ്ങള്‍ക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്. സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണന് പോറ്റി ഭക്തരെ പരിചയപ്പെടുന്നത്.
അതേസമയം, സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയാണെന്നും ഇക്കാര്യം ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു. സ്വര്‍ണപാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണന് പോറ്റിയുടെ വിശദീകരണം. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് പോറ്റിയുടെ മൊഴിയെടുത്തു.
ശബരിമലയിലെ രണ്ട് ദ്വാരപാലക ശില്പങ്ങളിലുമായി 1999-ല്‍ അഞ്ച് കിലോ സ്വര്‍ണം പൂശിയെന്ന് വിജയ് മല്യക്ക് വേണ്ടി സ്വര്‍ണം പൂശിയത് പരിശോധിച്ച സെന്തില്‍ നാഥന് പറഞ്ഞു.1999ല്‍ സ്വര്‍ണം പൊതിഞ്ഞ ശേഷമുള്ള ദ്വാരപാലക ശില്‍പ്പങ്ങളുടെ ചിത്രങ്ങളും സെന്തില്‍ നാഥന് പുറത്തുവിട്ടു. അങ്ങനെയെങ്കില്‍ ആദ്യം പൂശിയ സ്വര്‍ണം എവിടെ പോയെന്ന ചോദ്യവും ബാക്കിയാകുകയാണ്.



