
മലപ്പുറം: മലപ്പുറം ജില്ലയില്‍ വെട്ടിച്ചിറയിലെ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തില്‍ രണ്ടു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച ഹോട്ടലും അതിനോട് ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന പ്ലൈവുഡ് കടയുമാണ് കത്തിനശിച്ചത്. പത്തോളം ജീവനക്കാരുണ്ടായിരുന്ന കടയിലെ ആര്‍ക്കും പരുക്കേറ്റില്ല. വെട്ടിച്ചിറ ടോള്‍പ്ലാസയ്ക്കു സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.
വ്യാഴാഴ്ച രാവിലെ 11 മണിയോടെ വെട്ടിച്ചിറ ടോള്‍പ്ലാസയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ടീ ആന്‍ഡ് കൂള്‍ എന്ന ചായക്കടയ്ക്കാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള പൈപ്പ് വിച്ഛേദിക്കപ്പെട്ട് ഗ്യാസ് ചോര്‍ന്നായിരുന്നു അപകടം. ചായക്കടയും അതിനു തൊട്ടുപുറകില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ലൈവുഡ് കടയും പൂര്‍ണമായും കത്തിനശിച്ചു. കടയിലുണ്ടായിരുന്ന ആര്‍ക്കും പരുക്കേറ്റില്ല. അപകടസമയം കടയില്‍ കസ്റ്റമര്‍ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. കടയിലുണ്ടായിരുന്നവര്‍ തന്നെയാണ് തീയണയ്ക്കാനുള്ള ആദ്യശ്രമങ്ങള്‍ നടത്തിയത്.
സംഭവത്തെ കുറിച്ച് പറയപ്പെടുന്നത് ഇങ്ങനെ. സംഭവ സമയം മൂന്ന് ഗ്യാസ് സ്റ്റൗകള്‍ ഒരേസമയം കത്തുന്നുണ്ടായിരുന്നു. പൊറോട്ട ഉണ്ടാക്കുന്ന ഒരു അടുപ്പും എണ്ണപ്പലഹാരങ്ങള്‍ക്കും ചോറിനുമായി ഓരോന്നും. ഇതിനിടയില്‍ പൊറോട്ടക്കല്ലിലേക്ക് കണക്ട് ചെയ്തിരുന്ന ഗ്യാസ് പൈപ്പ് പെട്ടെന്ന് സ്റ്റൗവില്‍ നിന്ന് ഊരിത്തെറിച്ച് എണ്ണച്ചട്ടിയില്‍ നിന്ന് തീ പടരുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.
കടയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റ് ഉപകരണങ്ങളും കട പൂര്‍ണമായും കത്തിനശിച്ചു. ശീതളപാനീയങ്ങള്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജുകള്‍ക്കും തകരാറുണ്ട്. ചായക്കടയില്‍ നിന്ന് തീപടര്‍ന്ന് സമീപത്തെ പ്ലൈവുഡ് സ്ഥാപനത്തിനും തീപിടിച്ചു. ഈ കടയും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഒരേസമയം കടയിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെട്ടു. ഉപയോഗിച്ചു കൊണ്ടിരുന്ന നാലും നിറച്ച നാലും അടക്കം എട്ട് സിലിണ്ടറുകള്‍ ഈ സമയം കടയ്ക്കുള്ളിലുണ്ടായിരുന്നു. ഇതില്‍ നാലു സിലിണ്ടറുകള്‍ അഗ്നിരക്ഷാസേനയെത്തി സുരക്ഷിതമാക്കി. കരേക്കാട് സ്വദേശി സമദിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീ ആന്‍ഡ് കൂള്‍ എന്ന സ്ഥാപനം. ഒന്‍പത് മാസം മുന്‍പാണ് സമദ് ടോള്‍പ്ലാസയ്ക്കു സമീപം കച്ചവടം ആരംഭിച്ചത്.



